ജിയോ ഐപിഒയ്ക്ക് കൗണ്ട്ഡൗൺ; അടുത്ത മാസം അപേക്ഷയെന്ന സൂചന, വിപണിയിൽ വൻ പ്രതീക്ഷ.

നിക്ഷേപകർ ഏറെക്കാലമായി കാത്തിരിക്കുന്ന റിലയൻസ് ജിയോയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ഉടൻ യാഥാർഥ്യമാകുമെന്ന സൂചന നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി . ജിയോ പ്ലാറ്റ്ഫോമിന്റെ ലിസ്റ്റിങ് നടപടികൾ അതിവേഗത്തിൽ പുരോഗമിക്കു കയാണെന്നും, കമ്പനിയുടെ ചരിത്രത്തിലെ നിർണായക നീക്കമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം സെബിക്ക് കരട് രേഖകൾ സമർപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പ്രതികരണം.
ആദ്യഘട്ടത്തിൽ മാർച്ചിൽ തന്നെ ഐപിഒ അപേക്ഷ സമർപ്പിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് തീരുമാനം നീണ്ടുപോയിരുന്നു. ഇപ്പോൾ സാഹചര്യങ്ങൾ അനുകൂലമാകുന്നതിനാൽ നടപടികൾ വീണ്ടും വേഗം പിടിച്ചെന്നാണ് വിപണി വിലയിരുത്തൽ.
റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ടെലികോം, ഡിജിറ്റൽ സേവനങ്ങളുടെ പ്രധാന വിഭാഗമായ ജിയോ പ്ലാറ്റഫോംസ് ലിമിറ്റഡ് മികച്ച സാമ്പത്തിക പ്രകടനമാണ് തുടരുന്നത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം മുൻവർഷത്തേക്കാൾ 13 ശതമാനം ഉയർന്ന് 44,928 കോടി രൂപയായി. അറ്റലാഭവും 13 ശതമാനം വർധിച്ച് 7,935 കോടി രൂപയിലെത്തി.
ഉപഭോക്തൃ അടിത്തറ വർധിച്ചതാണ് വളർച്ചയ്ക്ക് പ്രധാന കാരണം. മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം ജിയോയ്ക്ക് 52.4 കോടി വരിക്കാരുണ്ട്. ഇവരിൽ 26.8 കോടി പേർ 5ജി സേവനം ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ പാദത്തിൽ മാത്രം 91 ലക്ഷം പുതിയ ഉപഭോക്താക്കളെ കമ്പനി സ്വന്തമാക്കിയതായി അറിയിച്ചു.
നികുതി, പലിശ, മൂല്യനഷ്ടം എന്നിവയ്ക്ക് മുമ്പുള്ള ലാഭമായ എബിറ്റ്ഡ 18 ശതമാനം ഉയർന്നപ്പോൾ, ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) 214 രൂപയായി മെച്ചപ്പെട്ടു. ഇത് കമ്പനിയുടെ വരുമാന ശേഷി ശക്തമാണെന്ന സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഏകദേശം 18,000 കോടി ഡോളർ മൂല്യം കണക്കാക്കി 400 കോടി ഡോളർ, അതായത് ഏകദേശം 37,000 കോടി രൂപ സമാഹരിക്കാനാണ് ജിയോ ഐപിഒ വഴി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് യാഥാർഥ്യമായാൽ ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി മാറും.
ഐപിഒ മുന്നേറ്റം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾക്കും അനുകൂലമാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ പറയുന്നത്. നിലവിൽ ജിയോയിൽ 67.03 ശതമാനം ഓഹരിയാണ് റീലിൻസ് ഇൻഡസ്ട്രീസ് കൈവശം വയ്ക്കുന്നത്. 2020ൽ കമ്പനി 32.97 ശതമാനം ഓഹരികൾ മെറ്റാ , ഗൂഗിൾ , KKR അടക്കമുള്ള നിക്ഷേപകർക്ക് വിറ്റ് 1,52,055 കോടി രൂപ സമാഹരിച്ചിരുന്നു.
ഐപിഒയ്ക്കായി 2.5 ശതമാനം ഇക്വിറ്റി മാറ്റിവയ്ക്കാനാണ് പദ്ധതി എന്നാണു വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജൂൺ മാസത്തോടെ ജിയോ ഓഹരി വിപണിയിലെത്തുമോയെന്ന ആവേശത്തിലാണ് ഇപ്പോൾ നിക്ഷേപ ലോകം.




