Latest NewsNews

ചാക്കിലാക്കി കുട്ടികള്‍, കടല്‍വഴി രക്ഷപെടല്‍; 10 വര്‍ഷത്തെ രഹസ്യ പദ്ധതിക്ക് ഒടുവില്‍ ഉത്തര കൊറിയയില്‍നിന്ന് സ്വാതന്ത്ര്യത്തി ലേക്ക് ഒരു കുടുംബം.

സിയോള്‍: ലോകത്തിലെ ഏറ്റവും നിയന്ത്രിതവും അടച്ചുപൂട്ടപ്പെട്ടതുമായ രാജ്യങ്ങളിലൊന്നായ ഉത്തരകൊറിയയില്‍നിന്ന് ഒരു കുടുംബം അതിസാഹസികമായി കടല്‍വഴി രക്ഷപ്പെട്ട സംഭവത്തിന്റെ വിവരങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ഒന്‍പതംഗ കുടുംബമാണ് പതിറ്റാണ്ട് നീണ്ട രഹസ്യ ആസൂത്രണത്തിന് ശേഷം 2023ല്‍ ദക്ഷിണകൊറിയയിലെത്തിയത്.

കുടുംബത്തിലെ സഹോദരന്മാരായ കിം ഇല്‍ ഹ്യോകും കിം യി ഹ്യോകും ചേര്‍ന്നാണ് രക്ഷപെടല്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തിന് പുറത്തൊരു സ്വതന്ത്ര ലോകമുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് ചൈനയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന ടെലിവിഷന്‍ വഴിയായിരുന്നു. താല്‍ക്കാലിക ആന്റിന ഉപയോഗിച്ച് ദക്ഷിണകൊറിയന്‍ പരിപാടികള്‍ കണ്ടപ്പോള്‍ പ്രകാശഭരിതമായ വീടുകളും സമൃദ്ധമായ ജീവിതവും അവരെ അതിശയിപ്പിച്ചു. അതോടെയാണ് നാടുവിടാനുള്ള ആഗ്രഹം ശക്തമായത്.

കുടുംബത്തിന്റെ പിതാവാണ് ആദ്യം പലായനത്തെക്കുറിച്ച് ചിന്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇളയമകനായ കിം യി ഹ്യോകിനെ തീരദേശത്തേക്ക് അയച്ച് മത്സ്യബന്ധനം പഠിപ്പിച്ചു. പിന്നീട് മത്സ്യബന്ധനത്തില്‍ പ്രാവീണ്യം നേടിയ ഇയാള്‍ സ്വന്തമായി ബോട്ട് വാങ്ങി. അതോടൊപ്പം പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയും കൈക്കൂലി നല്‍കി വിശ്വാസ്യത നേടുകയും ചെയ്തു. അതിര്‍ത്തിക്കടുത്ത് പോകാനുള്ള അനുമതിയും ഇതിലൂടെ ലഭിച്ചു.

പലായനത്തിനായി കുടുംബം മോശം കാലാവസ്ഥ തന്നെ തിരഞ്ഞെടുത്തു. വസന്തകാല കൊടുങ്കാറ്റ്, കനത്ത മഴ, പരിമിതമായ ദൃശ്യപരത എന്നിവ റഡാറില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് അവർ കണക്കുകൂട്ടി. ഏറെ നാളായി കാത്തിരുന്ന 2023 മേയ് 6-നാണ് പദ്ധതി നടപ്പിലാക്കിയത്.

സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറുന്നതിന് വിലക്കുണ്ടായതിനാല്‍ കുടുംബം മറ്റൊരു മാര്‍ഗം തെരഞ്ഞെടുത്തു. ഖനിപാതങ്ങളിലൂടെ കാല്‍പ്പാടുകള്‍ പോലും പതിയാതെ തീരത്തേക്ക് എത്തുകയായിരുന്നു. കിം ഇല്‍ ഹ്യോകിന്റെ അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയും സംഘത്തിലുണ്ടായിരുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിന് സുരക്ഷിതമായ ഭാവി ലഭിക്കുമെന്ന പ്രത്യാശയിലാണ് അവര്‍ യാത്രയ്ക്ക് തയ്യാറായത്.

കുട്ടികളെയാണ് ഏറ്റവും വലിയ വെല്ലുവിളിയായി കുടുംബം കണ്ടത്. നാല് വയസും ആറു വയസും പ്രായമുള്ള കുട്ടികള്‍ക്ക് ഉറക്കഗുളിക നല്‍കി ചുമന്നാണ് തീരത്തേക്ക് കൊണ്ടുപോയത്. സുരക്ഷയ്ക്കായി അവരെ പലചരക്ക് ചാക്കുകള്‍ക്കുള്ളില്‍ ഇരുത്തിയുമായിരുന്നു യാത്ര.

ബോട്ടിന്റെ എന്‍ജിന്‍ ശബ്ദം കുറയ്ക്കാന്‍ മുന്‍കൂട്ടി മഫ്ലര്‍ മാറ്റിയിരുന്നു. റഡാറില്‍ കണ്ടെത്താതിരിക്കാന്‍ വളരെ പതുക്കെയായിരുന്നു യാത്ര. ബോട്ട് നീങ്ങുന്നതിലുപരി വെള്ളത്തില്‍ ഒഴുകുകയാണെന്ന തോന്നല്‍ ഉണ്ടാക്കുന്ന വേഗത്തിലായിരുന്നു സഞ്ചാരം. മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ എന്‍ജിനേക്കാള്‍ ശക്തമായി കേട്ടത് സ്വന്തം ഹൃദയമിടിപ്പാണെന്ന് കുടുംബം പിന്നീട് പറഞ്ഞു.

പിടിക്കപ്പെട്ടാല്‍ അവസാന ശ്രമമായി പ്രതിരോധിക്കാനും ഇവര്‍ തയ്യാറായിരുന്നു. സഹോദരന്മാര്‍ വാളുകള്‍ കരുതിയപ്പോള്‍ സ്ത്രീകള്‍ വിഷവും കൈവശം വെച്ചു. മുളകുപൊടിയും കരിമണ്ണും നിറച്ച മുട്ടത്തൊലികളും ആക്രമണത്തിനായി തയ്യാറാക്കിയിരുന്നു.

ഒടുവില്‍ ഉത്തരകൊറിയയുടെ നിരീക്ഷണ സംവിധാനങ്ങളെ മറികടന്ന് കുടുംബം ദക്ഷിണകൊറിയന്‍ കടല്‍പരിധിയിലെത്തി. അവിടെ നേവി പിടികൂടിയെങ്കിലും ബോട്ട് അപകടത്തില്‍പെട്ടതല്ല, ഉത്തരകൊറിയ വിട്ട് അഭയം തേടിയെത്തിയവരാണെന്ന് കുടുംബം അറിയിച്ചു. തുടര്‍ന്ന് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

ഇപ്പോള്‍ ദക്ഷിണകൊറിയയില്‍ സ്വതന്ത്ര ജീവിതമാണ് കുടുംബം നയിക്കുന്നത്. കിം ഇല്‍ ഹ്യോക് ഷെഫ് പരിശീലനം നേടി ജോലി ആരംഭിച്ചു. ഉത്തരകൊറിയയിലെ ജീവിതാനുഭവങ്ങളെക്കുറിച്ച് പൊതുപ്രഭാഷണങ്ങളും നടത്തുന്നുണ്ട്. ദക്ഷിണകൊറിയയിലെത്തി നാല് മാസത്തിനുശേഷം ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചു.

എന്നാല്‍ സന്തോഷത്തിനിടയില്‍ വേദനയും ഉണ്ടായി. രക്ഷപെടലിന് പ്രധാന പങ്കുവഹിച്ച കിം യി ഹ്യോക് പിന്നീട് ഡൈവിങ്ങിനിടെ മുങ്ങിമരിച്ചു. എങ്കിലും വലിയ നഷ്ടത്തിനിടയിലും സ്വാതന്ത്ര്യവും സമാധാനവും അനുഭവിച്ച് കുടുംബം ഇപ്പോള്‍ സിയോളില്‍ തുടരുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button