സിഎംആർഎൽ–എക്സാലോജിക് ഇടപാട്: ഇഡി അന്വേഷണത്തിന് സ്റ്റേയില്ല; ഹൈക്കോടതിയിൽ സിഎംആർഎല്ലിന് തിരിച്ചടി

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടക്കാല ഉത്തരവ്.
ജസ്റ്റിസുമാരായ രാജാ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ അന്തിമ വാദം ഇന്ന് തന്നെ കേൾക്കുമെന്നും കോടതി അറിയിച്ചു.
ഷെഡ്യൂൾഡ് കുറ്റകൃത്യം നിലവിലില്ലാത്ത സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസെടുക്കാൻ ഇഡിക്ക് അധികാരമില്ലെന്നാണ് സിഎംആർഎല്ലിന്റെ പ്രധാന വാദം. വിഷയത്തിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ നിയമപരമായ പിഴവുകളുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു.
അന്വേഷണ സ്വഭാവമുള്ള സമൻസ് ഇഡി അയച്ചത് നിയമവിരുദ്ധമാണെന്നും, അധികാരപരിധിക്ക് പുറത്തുള്ള അന്വേഷണമാണ് ഏജൻസി നടത്തുന്നതെന്നും സിഎംആർഎൽ ആരോപിച്ചു. കൂടാതെ, കേസിൽ വാദം പൂർത്തിയായ ശേഷം സിംഗിൾ ബെഞ്ച് വിധി പ്രസ്താവിക്കാൻ ഏകദേശം 20 മാസം വൈകിയതും ചൂണ്ടിക്കാട്ടി.
എന്നാൽ അന്വേഷണത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. കേസുമായി ബന്ധപ്പെട്ട വാദങ്ങൾ വിശദമായി കേട്ടശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.




