യുദ്ധം അവസാനിച്ചാലും വിലക്കുറവ് ഉടൻ പ്രതീക്ഷിക്കേണ്ട; എണ്ണ, വിമാനടിക്കറ്റ്, ഭക്ഷ്യവസ്തുക്കളുടെ നിരക്കിൽ മാറ്റത്തിന് സമയം വേണ്ടിവരും.

ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിക്കുകയും സമാധാന ധാരണ പ്രാബല്യത്തിൽ വരികയും ചെയ്താലും ആഗോള വിപണിയിൽ ഉടനടി വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. പ്രത്യേകിച്ച് എണ്ണ, വിമാനടിക്കറ്റുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില കുറയാൻ ഇനിയും ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്നാണ് നിരീക്ഷണം.
അമേരിക്കയും ഇറാനും ഇടക്കാല സമാധാന കരാറിൽ ധാരണയിലെത്തിയതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായും തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്കുനീക്ക പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ യുദ്ധത്തിന് മുമ്പ് ആഗോള എണ്ണ ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനവും വളം ഗതാഗതത്തിന്റെ 30 ശതമാനവും നടന്നിരുന്നു.
യുദ്ധകാലത്ത് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അസംസ്കൃത എണ്ണയുടെയും ശുദ്ധീകരിച്ച ഇന്ധനത്തിന്റെയും വിതരണം മാത്രമല്ല, വളം, ഭക്ഷ്യവസ്തുക്കൾ, ചെരിപ്പ് ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങളുടെ ആഗോള വിതരണ ശൃംഖലയും ഗുരുതരമായി ബാധിക്കപ്പെട്ടു. കടലിടുക്ക് വീണ്ടും തുറന്നാലും വിതരണ ശൃംഖലകൾ പൂർണമായും സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 80 ഡോളർ വരെ താഴ്ന്നിട്ടുണ്ട്. എന്നാൽ യുദ്ധത്തിന് മുമ്പ് ഇത് ഏകദേശം 67 ഡോളറായിരുന്നു. എണ്ണ ശുദ്ധീകരണ കമ്പനികൾ സാധാരണയായി ഒരു മാസമോ അതിലധികമോ കാലയളവിലേക്കുള്ള അസംസ്കൃത എണ്ണ മുൻകൂട്ടി വാങ്ങി സംഭരിക്കുന്നതിനാൽ, വിപണിയിൽ എണ്ണവില കുറഞ്ഞാലും ശുദ്ധീകരിച്ച ഇന്ധനത്തിന്റെ വില ഉടൻ കുറയാൻ സാധ്യത കുറവാണ്. പുതിയ കുറഞ്ഞ നിരക്കിൽ വാങ്ങുന്ന എണ്ണ വിപണിയിലെത്തിയ ശേഷമേ ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ ഗുണം ലഭിക്കുകയുള്ളൂ.
വിമാനക്കമ്പനികളും ഇന്ധനം മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്നതിനാൽ വിമാന ടിക്കറ്റ് നിരക്കുകളിലും ഉടൻ കുറവ് പ്രതീക്ഷിക്കാനാകില്ല. നിലവിലെ ഇന്ധന ശേഖരം ഉപയോഗിച്ചു തീർന്ന ശേഷമേ കുറഞ്ഞ ചെലവിന്റെ ആനുകൂല്യം യാത്രക്കാർക്ക് ലഭിക്കുകയുള്ളൂ.
അതേസമയം, ഭക്ഷ്യവസ്തുക്കളുടെ വിലയും ഇന്ധനച്ചെലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ പലചരക്ക് സാധനങ്ങളുടെ നിരക്കിൽ കുറവ് വരാനും സമയം വേണ്ടിവരും. ആഗോള സൂപ്പർമാർക്കറ്റുകളുടെ സംഘടനയായ ഇൻഡിപെൻഡന്റ് ഗ്രോസേഴ്സ് അലയൻസിന്റെ കണക്കുകൾ പ്രകാരം ഭക്ഷ്യവസ്തുക്കളുടെ മൊത്തം വിലയുടെ അഞ്ച് മുതൽ 30 ശതമാനം വരെ ഇന്ധനച്ചെലവിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ യുദ്ധം അവസാനിച്ചാലും വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ജനജീവിതത്തിൽ നിന്ന് പൂർണമായും അകന്നുപോകാൻ ഇനിയും കുറച്ച് കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.




