ഫോമാ സ്ഥാപകന് ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ.

“മാനവ സേവ മാധവ സേവ” എന്ന് പറയുക മാത്രമല്ല, അത് സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു കാട്ടിക്കൊടുത്ത വ്യക്തിയാണ് ശ്രീ. ശശിധരൻ നായർ എന്ന് മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൌൺസിലിന്റെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോസ് കോലത്ത് പറയുകയുണ്ടായി.
അര നൂറ്റാണ്ടോളമായി അമേരിക്കയിൽ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ശശിധരൻ നായരുടെയും ഭാര്യ പൊന്നമ്മയുടെയും ശതാഭിഷേക ചടങ്ങിൽ പങ്കെടുത്തു വേൾഡ് മലയാളി കൗൺസിലിന്റെ ആശംസകൾ അറിയിച്ചു സംസാരിക്കയായിരുന്നു അദ്ദേഹം.
84 ന്റെ നിറവിൽ, ആയിരം പൂർണചന്ദ്രൻമാരെ കാണാൻ ഭാഗ്യം ലഭിച്ച ശശി, പൊന്നമ്മ ദമ്പതികൾക്ക് തല ഉയർത്തി, പൂർണചന്ദ്രനെ നോക്കുന്ന ഒരു മാൻപേടയുടെ മനോഹരമായ ചിത്രം ജോസ് കോലത്ത് സമ്മാനിച്ചു.
മേലുകരയിലുള്ള മനക്കൽ തറവാട്ടിൽ, രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച പരിപാടികൾ വിഭവ സമൃദ്ധ മായ സദ്യക്ക് ശേഷം വൈകുന്നേരമാണ് സമാപിച്ചത്.
യജ്ഞചാര്യൻ ഡോ. മണ്ണടി ഹരി അവർകളും സംഘവും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അമേരിക്കയിലെ പ്രശസ്ത മലയാളി സംഘടനയായ FOMAA (Federation of Malayalee Association of America), യുടെയും FOKANA (Federation of Kerala Associations of North America) യുടെയും സ്ഥാപക നേതാവും, ഇരു സംഘടനകളുടെയും പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുള്ള ശശിധരൻ നായർ ധാരാളം കാരുണ്യ പ്രവർത്തികളിൽ പങ്കാളിയും, ജാതി മത ഭേദമന്യേ ഏവരെയും ഒരുപോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന വ്യക്തിയുമാണ്.
50 വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ പ്രശസ്തമായ കാൻസർ സെന്ററിൽ മെഡിക്കൽ ടെക്നോളജിസ്റ്റായി ജീവിതം ആരംഭിച്ചു പിൽക്കാലത്ത് ബിസിനസിലേക്ക് കടക്കുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിൽ ഹൂസ്റ്റൺ നഗരത്തിൽ തല ഉയർത്തി നിൽക്കുന്ന ക്ഷേത്രത്തിന്റെ നിർമാണത്തിൽ വലിയ പങ്കു വഹിച്ചിട്ടുള്ള ശശിധരൻ നായർ അമേരിക്കയിലെ KHNA യുടെ (Kerala Hindus of North America) സ്ഥാപക നേതാക്കളിലൊരാളുമാണ്. 1995 ൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ സ്ഥാപിതമായി, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്കയിൽ നിന്നുള്ള ജെയിംസ് കൂടൽ, തോമസ് മൊട്ടക്കൽ, ഡോ. ബാബു സ്റ്റീഫൻ, ഹരി നമ്പൂതിരി, അലക്സ് വിളനിലം ഉൾപ്പെടെ അനേകരുടെ അടുത്ത സുഹൃത്തും കൂടിയാണ്.
മുൻ M.L.A രാജു എബ്രഹാം, റെജി താഴമൺ, വിക്ടർ തോമസ്, ബഹു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ളവർ ആശംസകൾ അറിയിച്ചു.




