ഡിഎൻഎ തെളിവ് ലഭിച്ചിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാനാവാതെ പോലീസ്: കാലപരിധി വിനയായി.

ഷിക്കാഗോ:40 വർഷങ്ങൾക്ക് മുൻപ് ഷിക്കാഗോയിൽ സ്കൂൾ അധ്യാപകന്റെ ലൈംഗിക അതിക്രമത്തിനിരയായി ഗർഭിണിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ, അധ്യാപകനാണ് കുട്ടിയുടെ പിതാവെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. എന്നാൽ നിയമപരമായ കാലപരിധി കഴിഞ്ഞതിനാൽ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു.
1970-കളിലും 80-കളിലുമായി ജോൺ ഫാരൻ എലിമെന്ററി സ്കൂളിൽ പഠിക്കുമ്പോഴാണ് നാൻസി അലക്സാണ്ടർ എന്ന വിദ്യാർത്ഥിനി റിചാർഡ് നെഫ് എന്ന അധ്യാപകന്റെ പീഡനത്തിനിരയായത്. 15-ാം വയസ്സിൽ ഗർഭിണിയായ നാൻസി വർഷങ്ങളോളം ഈ മാനസികാഘാതം ഒറ്റയ്ക്ക് സഹിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അധ്യാപകന്റെ മകളെ കണ്ടെത്തുകയും അവരുടെ ഡിഎൻഎ സാമ്പിൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാൻസിയുടെ മകളുടെ പിതാവ് നെഫ് തന്നെയാണെന്ന് 99.79% ഉറപ്പാക്കുകയും ചെയ്തു.
2019-ൽ ഇല്ലിനോയ് സംസ്ഥാനം ലൈംഗിക അതിക്രമ കേസുകളിലെ കാലപരിധി നീക്കം ചെയ്തെങ്കിലും, 1986-ന് മുൻപ് നടന്ന സംഭവങ്ങളിൽ ഈ നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. ശാസ്ത്രീയമായി കുറ്റം തെളിഞ്ഞിട്ടും, 79-കാരനായ പ്രതി നിയമത്തിന് പുറത്തുനിൽക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പി പി ചെറിയാൻ




