Blog

ഒമാനിൽ ഖരീഫ്(മൺസൂൺ) സീസൺ: താൽക്കാലിക തൊഴിൽ പെർമിറ്റ് അനുവദിക്കും

ഒമാൻ: ഖരീഫ് കാലം അഥവാ മൺസൂൺ സീസണേ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ഒമാൻ. ഈ സീസണിൽ തെക്കൻ ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ, അതിമനോഹരമായ കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും കാണാൻ സാധിക്കും. ഖരീഫ് സീസൺ ഒമാനിലെ ഒരു പ്രധാന ടൂറിസം ആകർഷണമായതിനാൽ ഈ സമയത്ത് ഓമനിലേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളും നിരവധിയാണ്. ഈ തിരക്ക് കണക്കിലെടുത്ത് ഇത്തവണയും പ്രവാസികള്‍ക്ക് താൽക്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഒമാൻ തൊഴില്‍ മന്ത്രാലയം.

കഴിഞ്ഞ വര്‍ഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി നൂറ് കണക്കിന് പ്രവാസികള്‍ ഖരീഫില്‍ ജോലിക്കെത്തിയിരുന്നു. വാണിജ്യ മേഖലയെ സജീവമാക്കുക എന്നത് ലക്ഷ്യം വച്ചാണ് ഒമാന്റെ ഈ നടപടി. ഇതുവഴി സ്ഥാപനങ്ങള്‍ക്ക് പ്രവാസി തൊഴിലാളികളെ താൽക്കാലിക വിസയില്‍ കൊണ്ടുവരുന്നതിന് അനുമതി ലഭിക്കും. ഖരീഫ് സീസണിലെ വാണിജ്യപരമായ ആവശ്യകതകൾ നിറവേറ്റുക, തൊഴിൽ കച്ചവടം സുഗമമാക്കുക, രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് ഈ താൽക്കാലിക പെർമിറ്റുകളുടെ പ്രധാന ലക്ഷ്യം. അതേസമയം ഈ താൽക്കാലിക വിസകൾ ഖരീഫ് സീസണിന്റെ ദൈർഘ്യം അനുസരിച്ച് പരിമിതപ്പെടുത്തിയിരിക്കും. സാധാരണയായി ജൂൺ അവസാനം മുതൽ സെപ്റ്റംബർ വരെയാണ് ഒമാനിലെ ഖരീഫ് സീസൺ ഉണ്ടാവുക.

അതിനാൽ താൽക്കാലിക തൊഴിൽ പെർമിറ്റിനായി അപേക്ഷിക്കുന്നതിനും മറ്റ് വിശദാംശങ്ങൾക്കും ഒമാനിലെ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ താൽക്കാലിക വിസയിൽ എത്തുന്ന തൊഴിലാളികൾ വിസയുടെ കാലാവധി കഴിഞ്ഞാൽ ഒമാനിൽ തുടരാൻ പാടില്ല എന്നതും ശ്രദ്ധിക്കണം. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഖരീഫ് സീസണിൽ കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന വേളയിൽ ആവശ്യമായ സേവനങ്ങളും വാണിജ്യ സംവിധാനങ്ങളും ഉറപ്പുവരുത്തുന്നതിനിന് കൂടുതല്‍ പ്രവാസി തൊഴിലാളികളുടെ സാന്നിധ്യം ഗുണം ചെയ്യും. ഇത് തൊഴില്‍ ഉടമകളെയും സഹായിക്കും.

അതേസമയം, ഇക്കാലയളവിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച് അനുമതി ഇല്ലാത്ത വാണിജ്യ പ്രവർത്തനങ്ങളിലോ ജോലികളിലോ ഏർപ്പെടുന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുണ്ടായേക്കാമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 21 മുതൽ ഓഗസ്റ്റ് 21 വരെയാണ് ഇത്തവണ ഖരീഫ് സീസൺ. ഈ സമയങ്ങളിൽ ദോഫാറിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് കൂടുതൽ സൗകര്യമൊരുക്കും. ഇതുവഴി നിരവധി പ്രവാസികൾക്ക് താത്കാലിക തൊഴിലും ലഭിക്കുന്നതായിരിക്കും. തൊഴിലുടമകൾക്കും കൂടുതൽ ആശ്വാസകരമായ പരിഹാരമാകുന്നതാണ് തൊഴിൽ മന്ത്രാലയം ഈ നടപടി.

ഒമാനിലെ മറ്റ് പ്രദേശങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുമ്പോൾ, ഖരീഫ് സീസണിൽ ദോഫാർ മേഖലയിൽ താപനില ഗണ്യമായി കുറയുമെന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രിതികത. ഏകദേശം 20°C മുതൽ 27°C വരെയാണ് ഈ സമയത്തെ ശരാശരി താപനില. ഇത് വളരെ മനോഹരമായ കാലാവസ്ഥ കൂടിയാണ്. ഈ മനോഹരമായ കാലാവസ്ഥയും പ്രകൃതിയുടെ ഭംഗിയും ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ ദോഫാറിലേക്ക് എത്താറുണ്ട്. സലാലയിൽ നടക്കുന്ന ഖരീഫ് ഫെസ്റ്റിവൽ ഒരു പ്രധാന ആകർഷണമാണ്. ചുരുക്കത്തിൽ, ഒമാനിലെ ഖരീഫ് കാലം കുളിർമ്മയും പച്ചപ്പും മഞ്ഞും വെള്ളച്ചാട്ടങ്ങളുമെല്ലാമായി പ്രകൃതിയുടെ ഒരു അത്ഭുത പ്രതിഭാസമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button