പഹല്‍ഗാം ഭീകരാക്രമണം: ക്വാഡ് രാജ്യങ്ങളുടെ ശക്തമായ അപലപനം; കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യം.

വാഷിങ്ടണ്‍: ജമ്മുവിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് രാജ്യങ്ങള്‍. 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.
വാഷിങ്ടണില്‍ ചേര്‍ന്ന ക്വാഡ് യോഗത്തില്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു. ഇന്ത്യയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത എസ്. ജയശങ്കര്‍ ഭീകരതയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശവും ഉണ്ടെന്നു വ്യക്തമാക്കി.
“ഭീകരവാദത്തെക്കുറിച്ച് ഒരു വാക്ക്… ലോകം ഇവരോട് സഹിഷ്ണുത കാണിക്കരുത്. ഇരകളെയും കുറ്റവാളികളെയും ഒരേ നിലയില്‍ കാണുന്നത് നീതിക്കെതിരാണ്. ഇന്ത്യയ്ക്ക് ഈ അവകാശം ഉണ്ട്, ഞങ്ങള്‍ അത് വിനിയോഗിക്കും,” – ജയശങ്കറിന്റെ ശക്തമായ നിലപാട്.
യോഗത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജപ്പാന്‍ വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവരും പങ്കെടുത്തു. അടുത്ത ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കാമെന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.