AmericaLatest NewsNewsOther Countries

ലോങ് ബീച്ചിൽ കണ്ടെയ്നറുകൾ കടലിലേയ്ക്ക്; കപ്പൽ അപകടങ്ങൾ ആശങ്കയുണർത്തുന്നു

കലിഫോർണിയ : ലോകത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ പോർട്ട് ഓഫ് ലോങ് ബീച്ചിൽ നിന്ന് പുറപ്പെട്ട മിസിസിപ്പി ചരക്ക് കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കടലിലേയ്ക്ക് പതിച്ച സംഭവത്തിൽ കടൽഗതാഗത സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവും മൂലമാണ് കപ്പൽ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും, കടലിൽ പതിച്ച കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. കണ്ടെയ്നറുകളിലെ ചരക്കിന്റെ സ്വഭാവം വ്യക്തമല്ലാത്തതിനാൽ, പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഈ തുറമുഖത്തിലെ ചരക്ക് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് കപ്പലുകൾക്ക് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. കേരള തീരത്തും അടുത്തിടെ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം തീപിടുത്തത്തെ തുടർന്ന് ഏകദേശം 50 കണ്ടെയ്നറുകൾ കടലിലേയ്ക്ക് പതിക്കുകയും തീരദേശ പരിസ്ഥിതിക്ക് വലിയ ഭീഷണിയുയർത്തുകയും ചെയ്തിരുന്നു. കൊച്ചി തീരത്തിന് സമീപം എംഎസ്‌സി എൽസ-3 ചരിഞ്ഞ് അപകടത്തിൽപ്പെട്ടപ്പോഴും ജീവനക്കാരെ രക്ഷിക്കാനായെങ്കിലും പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും ഗുരുതരമായ ആഘാതം നേരിട്ടു.

കപ്പൽ അപകടങ്ങളെ തുടർന്ന് കേസെടുക്കേണ്ടതില്ലെന്നും നഷ്ടപരിഹാരം ഉറപ്പാക്കലിന് മുൻഗണന നൽകണമെന്നും സംസ്ഥാനവും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾ ആഗോള വ്യാപാരത്തിന്റെയും പരിസ്ഥിതിയുടെയും ദുര്‍ബലതകളെ തുറന്നുകാട്ടുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, പഴക്കം ചെന്ന കപ്പലുകൾ, മാനദണ്ഡങ്ങൾ പാലിക്കാത്ത ചരക്ക് കൈകാര്യം എന്നിവയാണ് പ്രധാന വെല്ലുവിളികളായി വിലയിരുത്തപ്പെടുന്നത്.

കപ്പൽഗതാഗത സുരക്ഷ ഉറപ്പാക്കാനും സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാനുമായി കൂടുതൽ കര്‍ശന നിയമങ്ങളും മുൻകരുതലുകളും അത്യാവശ്യമാണെന്ന് ഈ സംഭവങ്ങൾ വീണ്ടും ഓർമ്മപ്പെടുത്തുന്നു.

Show More

Related Articles

Back to top button