AmericaEducationKeralaLatest NewsLifeStyleNews

മാത്യു ചാക്കോളക്കും ജേക്കബ് മാത്യുവിനും ‘കീൻ’ അവാർഡുകൾ; എഡിസണിൽ വർണാഭമായ ടെക് നൈറ്റ് ആഘോഷം

എഡിസൺ, ന്യൂജേഴ്‌സി ∙ കേരള എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN)യുടെ ടെക് നൈറ്റ് ഫാമിലി ഇവന്റിൽ, പ്രശസ്ത വ്യവസായിയും മേരിലാൻഡ് പേപ്പർ കമ്പനിയുടെ സ്ഥാപകനുമായ മാത്യു ചാക്കോളയെ ‘എഞ്ചിനീയർ ഓഫ് ദി ഇയർ’ അവാർഡിനും, സീലോജിക്സ് എൽ.എൽ.സി സ്ഥാപകനും സി.ഇ.ഒയുമായ ജേക്കബ് മാത്യുവിനെ ‘എന്റർപ്രെണർ ഓഫ് ദി ഇയർ’ അവാർഡിനും തെരഞ്ഞെടുത്തു. എഡിസണിലെ റോയൽ ആൽബർട്ട്സ് പാലസിൽ വച്ച് നടന്ന വർണാഭമായ ചടങ്ങിൽ, പാസായിക്ക് വാലി സീവറേജ് കമ്മീഷൻ മുൻ ചീഫ് എൻജിനിയർ ജോൺ എസ്. റോട്ടോളോ അവാർഡുകൾ സമ്മാനിച്ചു.

നൂതനാശയങ്ങളിലൂടെ അമേരിക്കയിലെ ഏറ്റവും വലിയ ഡ്രൈ ഫെൽറ്റ് ഉൽപ്പാദക കമ്പനി വിജയകരമായി കെട്ടിപ്പടുത്ത മാത്യു ചാക്കോള തന്റെ മറുപടി പ്രസംഗത്തിൽ മനുഷ്യസ്നേഹിയും പരിസ്ഥിതി ബോധമുള്ള വ്യവസായിയുമായ തന്റെ ദർശനം പങ്കുവെച്ചു. യുഎസിലുടനീളം വ്യാപിച്ചിരിക്കുന്ന കമ്പനി പ്രതിവർഷം 3.5 ലക്ഷം ടൺ വേസ്റ്റ് പേപ്പറും മുഴുവൻ വെള്ളവും പുനരുപയോഗിക്കുന്നു എന്നത് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ശ്രദ്ധേയമായി. “കോമൺ സെൻസ് എപ്പോഴും എഞ്ചിനീയറിംഗിന്റെ അടിത്തറയാണ്,” അദ്ദേഹം ഹാസ്യരസത്തോടെ ഓർമ്മിപ്പിച്ചു.

സെമികണ്ടക്ടർ, എഐ മേഖലകളിൽ ആഗോളമേഖലയിൽ മികവുറ്റ സാങ്കേതിക സ്ഥാപനമായ സീലോജിക്സിന്റെ വളർച്ചയുടെ പിന്നിൽ നിന്ന ജേക്കബ് മാത്യു, തന്റെ പ്രയാണം നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് പറഞ്ഞു. “പഠനകാലത്ത് ഞാൻ ‘ഔട്ട് സ്റ്റാൻഡിംഗ്’ സ്റ്റുഡന്റ് ആയിരുന്നു – മിക്കവാറും ക്ലാസിനു പുറത്തായിരുന്നു എന്നർത്ഥം,” എന്ന് പറഞ്ഞ് അദ്ദേഹം സദസിനെ ചിരിപ്പിച്ചു.

അവാർഡ് ജേതാക്കളെ കുറിച്ച് സംസാരിച്ച 24 ന്യൂസിന്റെ സീനിയർ എഡിറ്റർ ഹാഷ്മി ടാജ് ഇബ്രാഹിം, ചാക്കോളയുടെ ആത്മകഥയിൽ പറയുന്ന ‘ഡിസയർ, ഡിറ്റർമിനേഷൻ, ഡിസിപ്ലിൻ’ എന്ന മൂന്നു ‘ഡി’കളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. “മനുഷ്യൻ മതം, ജാതി, വർഗം എന്നിവകൊണ്ട് വിഭജിക്കപ്പെട്ടാലും, സ്നേഹമാണ് എല്ലാം ഒന്നാക്കുന്ന പ്രകാശം,” ചാക്കോളയുടെ വാക്കുകൾക്ക് അദ്ദേഹം നൽകിയ വിലയിരുത്തൽ ശ്രദ്ധേയമായി.

കീൻ പ്രസിഡന്റ് നീന സുധീർ, എഞ്ചിനീയറിംഗ് സമൂഹത്തിന്റെ സഹകരണാത്മകവും അന്വേഷണാത്മകവുമായ മനോഭാവമാണ് ഈ സമ്മേളനത്തിന്റെ ആത്മാവെന്ന് പറഞ്ഞു. കഴിഞ്ഞ 17 വർഷത്തെ വളർച്ചയിൽ ഓരോ അംഗത്തിന്റെയും സംഭാവന നിർണായകമായിരുന്നുവെന്നും അവർ പറഞ്ഞു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ‘Design Your Future’ എന്ന തീം പ്രകാരം ആഗോള മത്സരം, ആമസോൺ റോബോട്ടിക്സ് സെന്റർ ടൂറുകൾ, എൻഗേജ് സമ്മർ റിസർച്ച് പ്രോഗ്രാം തുടങ്ങി നിരവധി പദ്ധതികൾ കീൻ നടപ്പാക്കിയതായി അവർ വിശദീകരിച്ചു. ഈ വർഷം മാത്രം 200-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തതായി അവർക്കു അഭിമാനമുണ്ട്.

കേരളത്തിലെ 164-ലധികം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന കീൻ സ്കോളർഷിപ്പ്-ചാരിറ്റി കമ്മിറ്റിയുടെ പ്രവർത്തനവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പരിപാടിക്ക് സ്പോൺസർമാരായ സ്പെക്ട്രം ഓട്ടോ, ENL മെക്കാനിക്കൽ ഇൻകോർപ്പറേറ്റഡ് തുടങ്ങിയവർക്കും മുൻ പ്രസിഡന്റുമാർക്കും ട്രസ്റ്റിമാർക്കും നീന സുധീർ നന്ദി അറിയിച്ചു.

സെക്രട്ടറി സാജിദ ഫാഹ്മി ആമുഖപ്രസംഗം നടത്തി. ട്രസ്റ്റി ബോർഡ് ചെയർ മെറി ജേക്കബ്, സ്കോളർഷിപ്പ് വിവരങ്ങൾ കോശി പ്രകാശ്, കലാപരിപാടികൾക്ക് മാലിനി നായർ, ബീനാ മേനോൻ എന്നിവർ നേതൃത്വം നൽകി. സൗപർണിക ഡാൻസ് അക്കാദമിയുടെയും കലാശ്രീ സ്‌കൂൾ ഓഫ് ആർട്സിന്റെയും നൃത്തങ്ങൾ സദസിനെ മനംകവർന്നു.

ബിജു പുതുശേരി, ജേക്കബ് ജോസഫ്, സോബി സുരേന്ദ്രൻ, ഗൈൽസ് ജോസഫ്, സോജിമോൻ ജെയിംസ് എന്നിവർ സംഘാടക സംഘത്തെ നയിച്ചു. റാഫിൾ നറുക്കെടുപ്പ് ലിസി ഫിലിപ്പ്, സജിമോൻ ജെയിംസ് എന്നിവർ കോർഡിനേറ്റ് ചെയ്തു.

കേരളത്തിൽ നിന്നുള്ള എഞ്ചിനിയറിംഗ് ബിരുദധാരികൾക്ക് കരിയർ വളർച്ചക്കും വിദ്യാർത്ഥികൾക്ക് പിന്തുണയ്ക്കും പാതയൊരുക്കുന്ന കീന്റെ പ്രവർത്തനങ്ങൾക്ക് ഈ ടെക് നൈറ്റ് അവാർഡ് ചടങ്ങ് മികവുറ്റ സമാപനമായി.

Show More

Related Articles

Back to top button