ഹൈദരാബാദില്‍ ഭയാനക അപകടം; ലോറി ഇടിച്ച് ബസ് തകര്‍ന്നു, 24 പേര്‍ക്ക് ദാരുണാന്ത്യം.

ഹൈദരാബാദ്: മെറ്റല്‍ നിറച്ച ലോറിയും യാത്രാബസും കൂട്ടിയിടിച്ചുണ്ടായ ഭീകരാപകടത്തില്‍ 24 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഹൈദരാബാദ്–ബിജാപൂര്‍ ദേശീയപാതയിലാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടം.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിലേക്കാണ് നിര്‍മാണ സാമഗ്രികള്‍ നിറച്ച ലോറി ഇടിച്ചുകയറിയത്. അപകടസമയത്ത് ബസില്‍ ഏകദേശം എഴുപതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് മെറ്റല്‍ ബസിലേക്ക് വീണ് യാത്രക്കാരുടെ മേല്‍ പതിച്ചു. ഇതില്‍പ്പെട്ടവര്‍ ബസിനുള്ളില്‍ കുടുങ്ങി സഹായത്തിനായി നിലവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു.
മരിച്ചവരില്‍ പത്തുപേര്‍ സ്ത്രീകളാണ്. പത്ത് മാസം പ്രായമുള്ള കുഞ്ഞിനും ജീവന്‍ നഷ്ടപ്പെട്ടു. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ചിലരുടെ നില ഗുരുതരമാണ്. ഡ്രൈവറുടെ പിറകുവശത്തും പിന്നിലെ ആറു നിരകളിലായിരുന്ന യാത്രക്കാരും ആണ് കൂടുതലായി മരിച്ചത്. മൃതദേഹങ്ങള്‍ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ അന്വേഷണത്തിന് ഉത്തരവിടുകയും, പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിക്കുകയും ചെയ്തു.




