ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ. വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ അധ്യക്ഷനും മുൻ ദേവസ്വം കമ്മീഷണറുമായ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. എസ്.പി. ശശിധരൻ ആണ് വാസുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വാസുവിന്റെ പേഴ്സണൽ അസിസ്റ്റന്റായ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി നടന്നത്.
സ്വർണക്കൊള്ള കേസിൽ കുറ്റാരോപിതരായ മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സംബന്ധിച്ച് ഇന്ന് ചേരുന്ന ബോർഡ് യോഗം നിർണായകമാകും. എസ്ഐടി തയ്യാറാക്കിയ പട്ടികയിലെ ഏഴ് വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ബോർഡ് വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കഴിഞ്ഞ യോഗത്തിൽ എല്ലാവരും മറുപടി നൽകിയിരുന്നില്ല. അവരുടെ വിശദീകരണം വിലയിരുത്തിയശേഷം മാത്രമേ ബോർഡ് തല നടപടി തീരുമാനിക്കൂ.
കേസിൽ 2019-ൽ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാറിനെ കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ശബരിമല മണ്ഡലമാസത്തോടനുബന്ധിച്ച് കീഴ്‌ശാന്തിമാരെയും അവരുടെ സഹായികളെയും തൃശൂർ ദേവസ്വം ബോർഡ് വിജിലൻസ് എസ്.പി.യുടെ നേതൃത്വത്തിൽ കർശനമായി നിരീക്ഷിക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഇവരുടെ പശ്ചാത്തലവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണക്കൊള്ളക്കേസിൽ കുറ്റാരോപിതരായ മുൻ ഉദ്യോഗസ്ഥർക്കെതിരായ നടപടിയെ കുറിച്ച് ബോർഡ് പിന്നീട് തീരുമാനിക്കും. നോട്ടീസ് അയച്ചിട്ടുണ്ടെന്നും എല്ലാവരിൽ നിന്നും മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. എസ്ഐടിയുടെ അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും, അവരുടെ നടപടികളെ കുറിച്ച് ബോർഡ് യോഗത്തിൽ ചർച്ച ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




