IndiaLatest NewsPolitics

വികസിത ഭാരതം സ്വപ്നമല്ല, നേടാനാകുന്ന ലക്ഷ്യം തന്നെ, ബി.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി

വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം ഒരു സ്വപ്നമല്ല, കൈയിലൊതുങ്ങുന്ന, നടപ്പാകാവുന്ന ഒരു ലക്ഷ്യം തന്നെയാണെന്ന് ബി.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടന്ന എട്ടാമത് ബിഎഫ്എസ്‌ഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യ, നഗരവല്‍ക്കരണം, അഭിലാഷം എന്നീ മൂന്ന് കാര്യങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് കരുത്ത് പകരുന്നത്.  ഇന്ത്യന്‍ യുവത്വത്തിന്റെ ശരാശരി പ്രായം 28 ആണ്. നഗരവല്‍ക്കരണം ആണ് അടുത്ത മുന്നേറ്റം. 2050 ഓടെ ജനസംഖ്യയുടെ 50 ശതമാനം ആളുകള്‍ നഗര സ്വഭാവമുള്ള (അര്‍ബനൈസ്ഡ് ) സ്ഥലങ്ങളിലാകും താമസിക്കുക, ഇത് വളര്‍ച്ചയെ സ്വാധീനിക്കും. നമ്മുടെ ജനസംഖ്യയുടെ 60 ശതമാനവും മധ്യവര്‍ഗമാണ്. മധ്യവര്‍ഗത്തിന്റെ അടിസ്ഥാന സ്വഭാവം മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള അഭിവാഞ്ജയാണ്. എല്ലാം വേണമെന്ന മധ്യവര്‍ഗത്തിന്റെ ആഗ്രഹം വളര്‍ച്ചയെ  സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ പങ്ക് ശ്രദ്ധേയമാണെന്ന് ധനം ബിഎഫ്എസ്ഐ ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2025ല്‍ മുഖ്യപ്രഭാഷണം നടത്തിയ മണപ്പുറം ഫിനാന്‍സ് എംഡി വി.പി നന്ദകുമാര്‍ പറഞ്ഞു.  
ഉപയോക്താക്കളുടെ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്‍ബിഎഫ്സികള്‍ക്ക് വേഗത്തില്‍ സാധിക്കുന്നു. ടെക്നോളജിയുടെ വളര്‍ച്ച ഈ മേഖലയ്ക്ക് വലിയ സാധ്യതകളാണ് സമ്മാനിക്കുന്നത്. ഗോള്‍ഡ് ലോണില്‍ ബാങ്കുകളേക്കാള്‍ കൂടുതല്‍ സാന്നിധ്യം അറിയിക്കാന്‍ എന്‍ബിഎഫ്സികള്‍ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയുടെ ഫിന്‍ടെക് മേഖല ലോകമെമ്പാടുമുള്ള ഏറ്റവും വലിയ പരിവര്‍ത്തനങ്ങളിലൊന്നായി വളര്‍ന്നിരിക്കുകയാണെന്ന് പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്വേ കമ്പനിയായ ബില്‍ ഡസ്‌കിന്റെ സഹ സ്ഥാപകന്‍ എം.എന്‍ ശ്രീനിവാസു പറഞ്ഞു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവുവായിരുന്നു അവാര്‍ഡ് നിശയില്‍ മുഖ്യാതിഥി.
ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് എന്നീ രംഗങ്ങളില്‍ മികവുറ്റ നേട്ടം കൊയ്തവരെ ബിഎഫ്എസ്ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍  ആദരിച്ചു.

ദേശീയ, രാജ്യാന്തരതലത്തിലെ ഇരുപതിലേറെ പ്രമുഖര്‍ സമ്മിറ്റില്‍ പ്രഭാഷകരായി എത്തി. രാജ്യത്തെമ്പാടും നിന്നായി 500 ഓളം പേര്‍ പ്രതിനിധികളായി സമ്മിറ്റില്‍ പങ്കെടുത്തു.

Show More

Related Articles

Back to top button