KeralaLatest NewsPolitics

യുഡിഎഫ് തരംഗത്തില്‍ കേരളം; ലീഡ് 95-ല്‍ കടന്ന് മുന്നേറ്റം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുന്നു. രാവിലെ 9.45ഓടെയുള്ള പ്രവണതകള്‍ പ്രകാരം യുഡിഎഫ് 94 മണ്ഡലങ്ങളില്‍ ലീഡ് നേടുമ്പോള്‍ എല്‍ഡിഎഫ് 40 സീറ്റുകളിലും എന്‍ഡിഎ ആറ് മണ്ഡലങ്ങളിലും മുന്നിലാണ്.

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മത്സരിച്ച എല്‍ഡിഎഫിനെതിരെ സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരംഗം പ്രകടമാകുന്നതായാണ് ആദ്യഘട്ട സൂചനകള്‍. വടക്കന്‍ ജില്ലകളില്‍നിന്ന് തെക്കന്‍ മേഖലകളിലേക്കും യുഡിഎഫിന്റെ മുന്നേറ്റം വ്യക്തമാണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 71 സീറ്റുകള്‍ക്കുമപ്പുറം യുഡിഎഫ് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.

പേരാവൂരില്‍ സണ്ണി ജോസഫ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. എല്‍ഡിഎഫിന്റെ ശക്തമായ കോട്ടകളില്‍പോലും കടുത്ത പോരാട്ടമാണ് നിലനില്‍ക്കുന്നത്. തളിപ്പറമ്പില്‍ പി.കെ. ശ്യാമള ടീച്ചര്‍ക്ക് നേരിയ ലീഡ് മാത്രമുള്ളത് ഇടതുപക്ഷ ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നു.

ബിജെപി ശക്തികേന്ദ്രമായ നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നേറ്റം തുടരുന്നത് എന്‍ഡിഎ ക്യാമ്പുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലാണെന്നതും ശ്രദ്ധേയമാണ്. ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ ലീഡ് നിലനിര്‍ത്തുന്നു.

സര്‍ക്കാരിനെതിരായ വികാരം വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്നതാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ വോട്ടെണ്ണല്‍ തുടരുന്നതിനാല്‍ ലീഡ് നിലകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്തിമഫലത്തിനായി കാത്തിരിക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Show More

Related Articles

Back to top button