
യോങ്കേഴ്‌സ്/ന്യൂയോർക്ക് : 2025 ഡിസംബർ 7ന് ന്യൂയോർക്കിലെ യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ (MGOCSM) പൂർവ വിദ്യാർഥികളുടെ യോഗം സംഘടിപ്പിച്ചു. മുംബൈ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയും MGOCSMയുടെ മുൻ പ്രസിഡന്റുമായ ഡോ. ഗീവർഗീസ് മാർ കൂറിലോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മുൻ കേന്ദ്ര ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഫാ. പി.സി. ചെറിയാന്റെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും മെത്രാപ്പൊലീത്ത അനുസ്മരിച്ചു. എഴുപതുകളിൽ അദ്ദേഹത്തോടൊപ്പം സ്റ്റുഡന്റ് സെക്രട്ടറിയായി പ്രവർത്തിച്ച കോരസൺ വർഗീസ് അനുസ്മരണപ്രസംഗം നടത്തി. യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ജോബ്സൺ കോട്ടപ്പുറത്ത്, താൻ ഓർത്തഡോക്സ് യൂത്തലീഗ് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കാലത്ത് ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു.
MGOCSM അലമ്നൈ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സജി പോത്തൻ സ്വാഗതം ആശംസിക്കുകയും 2016ൽ ഔദ്യോഗികമായി രൂപീകരിച്ച സംഘടനയുടെ നാൾവഴികളും പ്രവർത്തനങ്ങളും വിശദീകരിക്കുകയും ചെയ്തു. യുവജന ശുശ്രൂഷ ആരംഭിക്കുന്നതിലും സഭയുടെ പ്രവർത്തനങ്ങളിൽ പൂർവ വിദ്യാർഥികൾ വഹിച്ച പ്രധാന പങ്കും അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്പര കൂട്ടായ്മ ശക്തിപ്പെടുത്തുക, MGOCSMയിൽ ഒരിക്കൽ സജീവമായിരുന്നവരെ സഭയുടെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക, സഭയുടെ നന്മയ്ക്കായി പൂർവ വിദ്യാർഥികളിലെ ഒളിഞ്ഞിരിക്കുന്ന ഊർജ്ജം പ്രയോജനപ്പെടുത്തുക എന്നീ ദർശനങ്ങൾ മുൻ സെക്രട്ടറി മാത്യു സാമുവൽ വിശദീകരിച്ചു.
ഫിലിപ്പോസ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. MGOCSM പൂർവ വിദ്യാർഥികളും മുതിർന്ന സുഹൃത്തുക്കളും MGOCSM, FOCUS അംഗങ്ങളും യോഗത്തിൽ സജീവമായി പങ്കെടുത്തു.




