Latest NewsOther CountriesPolitics

പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കായി രാജ്യവ്യാപക ഐക്യദാർഢ്യ സംഗമം; ജനങ്ങളോട് ഒത്തുചേരാൻ ഇറാൻ ആഹ്വാനം

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിക്കായി രാജ്യവ്യാപകമായി ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം ഒത്തുചേരാൻ പൊതുജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു.

പുതിയ നേതാവിനോടുള്ള വിധേയത്വ പ്രതിജ്ഞയായ ‘ബൈഅത്ത്’ പ്രഖ്യാപിക്കാനാണ് ഈ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ഇസ്ലാമിക് പ്രൊപ്പഗേഷൻ കോർഡിനേഷൻ കൗൺസിൽ നൽകിയ ആഹ്വാനം ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ ടെഹ്റാനിലെ പ്രധാന പരിപാടി നഗരമധ്യത്തിലുള്ള ഇൻഖിലാബ് സ്ക്വയറിൽ നടക്കും. രാജ്യത്തിന്റെ പുതിയ നേതൃത്വത്തിന് കീഴിൽ ജനപിന്തുണ ഉറപ്പാക്കുകയാണ് ഈ കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 28-ന് ഇസ്രായേൽ–അമേരിക്ക സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 വയസ്സുകാരനായ മൊജ്തബ ഖമേനി. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെർട്സ് മാർച്ച് 8-നാണ് അദ്ദേഹത്തെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.

1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇറാന്റെ പരമോന്നത സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് മൊജ്തബ. അധികാരം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നത് ഇറാന്റെ ചരിത്രത്തിൽ ആദ്യമായുമാണ്.

ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മൊജ്തബയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം അധികാരം പാരമ്പര്യമായി കൈമാറുന്നതിനെതിരെ ടെഹ്റാനിലെ എക്ബതാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.

Show More

Related Articles

Back to top button