എൽപിജി ക്ഷാമ ആശങ്ക: അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രം.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇന്ധന വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകാനിടയുണ്ടെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളും പ്രകൃതിവാതകവും നിയന്ത്രണ വിധേയമാക്കാൻ കേന്ദ്ര സർക്കാർ അവശ്യവസ്തു നിയമം (1955) പ്രാബല്യത്തിൽ കൊണ്ടുവന്നു. പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയ്ക്കാണ് നിയമം ബാധകമാകുക.
വിതരണ പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രകൃതിവാതക വിതരണം ചില നിർണായക മേഖലകൾക്ക് മുൻഗണന നൽകി നിയന്ത്രിക്കാനാണ് തീരുമാനം. ആഭ്യന്തര ആവശ്യങ്ങൾ, ഗതാഗതത്തിനുള്ള സിഎൻജി, എൽപിജി ഉത്പാദനം, പൈപ്പ്‌ലൈൻ കംപ്രസർ ഫ്യുവൽ, മറ്റ് പ്രധാന പൈപ്പ്‌ലൈൻ ആവശ്യങ്ങൾ എന്നിവയ്ക്ക് ഗ്യാസ് വിതരണം മുൻഗണന നൽകുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഏകദേശം 33.2 കോടി എൽപിജി ഉപഭോക്താക്കളെ ബാധിക്കാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഗൃഹോപയോഗ സിലിണ്ടറുകളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നത് ഉറപ്പാക്കുകയെന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്.




