സി.എം.ആർ.എൽ–എക്സാലോജിക് കേസ്; വീണ വിജയന് ഉടൻ സമൻസ് ഇല്ല, കോടതി ഉത്തരവിന് ശേഷം തുടർനടപടി

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. സി.എം.ആർ.എല്ലിന്റെ ഹർജിയിൽ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന് ശേഷമായിരിക്കും സമൻസ് അയയ്ക്കുകയെന്ന് ഇ.ഡി വ്യക്തമാക്കി. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കൂവെന്നും അധികൃതർ അറിയിച്ചു.
കേസിൽ സി.എം.ആർ.എൽ ഒഴികെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിന് നിലവിൽ തടസ്സങ്ങളില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സി.എം.ആർ.എല്ലിന്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കും.
ഇതിനിടെ, വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പരിശോധന ഇ.ഡി തുടരുകയാണ്. റെയ്ഡ് നടന്ന ദിവസം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
സെഷൻസ് കോടതിയിൽ പരിഗണനയിലുള്ള ജാമ്യാപേക്ഷയിൽ കക്ഷിചേരുന്ന ഇ.ഡി, ആക്രമണ സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾക്കോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെടും.




