HealthKeralaLatest News

കേരളത്തിൽ ആദ്യമായി ഒ-ആം (O-Arm) ഉപയോഗിച്ച് അഡൾട്ട് സ്കോളിയോസിസ് ശസ്ത്രക്രിയ; ചരിത്രത്തിന്‍റെ ഭാഗമായി വി.പി.എസ് ലേക്‌ഷോര്‍

നൂതന സാങ്കേതിക വിദ്യയിലൂടെ വിജയകരമായ നട്ടെല്ല് ശസ്ത്രക്രിയ; ജീവിതം വീണ്ടെടുത്ത അധ്യാപിക അനുഭവം പങ്കിടുന്നു

കൊച്ചി: അത്യാധുനിക ഒ-ആം(O-Arm) സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി അഡൾട്ട് സ്കോളിയോസിസ് പരിഹാര ശസ്ത്രക്രിയ നടത്തി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി. നട്ടെല്ലിലെ വളവ് മാറ്റുന്നതിനുള്ള അപൂർവ ശസ്ത്രക്രിയയിലൂടെ സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്ത് പുത്തൻനാഴികക്കല്ലാണ് വി.പി.എസ് ലേക്‌ഷോര്‍ പിന്നിട്ടിരിക്കുന്നത്. സ്കോളിയോസിസ് ബാധിച്ച അധ്യാപികയായ പ്രീതിജ പി. ചന്ദ്രനാണ്(51) ശസ്ത്രക്രിയയിലൂടെ ജീവിതം വീണ്ടെടുത്തത്. ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

നട്ടെല്ലിന്‍റെ അസ്വഭാവികമായ വളവ് കാരണം നിൽക്കുന്നതിനും നടക്കുന്നതിനും വലിയ പ്രയാസമാണ് രോഗി അനുഭവിച്ചിരുന്നത്. അസന്തുലിതമായ ശരീര ഘടന മൂലം പ്രീതിജയുടെ ദൈനംദിന ജീവിതം വലിയ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു.

ശസ്ത്രക്രിയ നടത്തുന്ന ശരീരഭാഗത്തിന്‍റെ ഉയർന്ന റെസല്യൂഷനിലുള്ള 3ഡി ചിത്രങ്ങൾ തത്സമയം സർജന് ലഭ്യമാകുമെന്നതാണ് ഒആം സാങ്കേതിക വിദ്യയുടെ പ്രത്യേകത. സങ്കീർണമായ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും നട്ടെല്ലിൽ ഇംപ്ലാന്‍റുകൾ കൃത്യമായി സ്ഥാപിക്കുന്നതിനും ഇത് സഹായിക്കുന്നു.

മുൻകാലങ്ങളിൽ അഡൾട്ട് സ്കോളിയോസിസ് ശസ്ത്രക്രിയക്ക് ഇന്ത്യയിൽ ചികിത്സ സൗകര്യം പരിമിതമായിരുന്നുവെന്ന് ഡോ. ആർ.കൃഷ്ണകുമാർ പറഞ്ഞു. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരിൽ ശസ്ത്രക്രിയ അപൂർവമായിരുന്നു. വിപുലമായ സൗകര്യങ്ങളുടെയും അവബോധത്തിന്‍റെയും കുറവായിരുന്നു ഇതിന് കാരണം. വളരെ സങ്കീർണമായ ശസ്ത്രക്രിയയാണിത്. ഒ-ആം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നട്ടെല്ലിന്‍റെ ഘടന തത്സമയം കൃത്യതയോടുകൂടി കാണാൻ സാധിക്കും. ഇത് നട്ടെല്ലിനായുള്ള ഒരു ജി.പി.എസ് സംവിധാനം പോലെയാണ് പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയയിലൂടെ രോഗിക്ക് നിവർന്നു നിൽക്കാനും വേദനയില്ലാത്ത സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കടുത്ത നടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും മൂലം വലിയ പ്രയാസമാണ് ശസ്ത്രക്രിയക്ക് മുമ്പ് രോഗി അനുഭവിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ, ശാരീരിക അസ്വസ്ഥതകളിൽ നിന്ന് പൂർണ്ണ മുക്തി നേടി അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.

വർഷങ്ങളായി കടുത്ത വേദനയും ബുദ്ധിമുട്ടുകളും സഹിച്ചാണ് താൻ ജീവിച്ചിരുന്നതെന്ന് പ്രീതിജ പറഞ്ഞു. ഒരു അധ്യാപിക എന്ന നിലയിൽ ജോലിക്കിടെ ദീർഘനേരം നിൽക്കുമ്പോൾ വലിയ പ്രയാസമാണ് അനുഭവിച്ചിരുന്നത്. എന്നാൽ ഇന്ന് പൂർണ്ണ ആരോഗ്യവും ആത്മവിശ്വാസവും തിരികെ ലഭിച്ചിരിക്കുന്നു. സാധാരണ ജീവിതം നയിക്കാൻ ഇപ്പോൾ തനിക്ക് സാധിക്കുന്നുണ്ട്. ഡോ. കൃഷ്ണകുമാറിനും വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ മുഴുവൻ ടീമിനോടുമുള്ള നന്ദി അറിയിക്കുകയാണെന്നും അവർ പറഞ്ഞു.

രോഗികൾക്ക് ഏറ്റവും ആധുനിക ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. ഇവിടുത്തെ മെഡിക്കൽ സംഘത്തിന്‍റെ വൈദഗ്ധ്യവും ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടവുമാണ് ഈ വിജയകരമായ ശസ്ത്രക്രിയയിലൂടെ വ്യക്തമാകുന്നത്. രോഗിക്ക് ആത്മവിശ്വാസവും ജീവിതവും തിരികെ ലഭിച്ചതാണ് തങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ്, പ്രീതിജയുടെ ഭർത്താവ് ബിനോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button