യുഎസിന്റെ സമ്മര്‍ദ്ദവും ഭീഷണിയും അംഗീകരിക്കാനാകില്ല: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി

ഓസ്ലോ: ഗ്രീന്‍ലാന്‍ഡിനെ യുഎസ് ഏറ്റെടുക്കാനുള്ള ശ്രമത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍. അന്താരാഷ്ട്ര നിയമം ചൂണ്ടിക്കാട്ടി, ഏത് രാജ്യത്തിനും മറ്റൊരു രാഷ്ട്രത്തെ ചേര്‍ക്കാനാകില്ലെന്നത് വ്യക്തമാക്കിയാണ് പ്രധാനമന്ത്രിയുടെ ശക്തമായ പ്രതികരണം.
ഗ്രീന്‍ലാന്‍ഡിക് ഉദ്യോഗസ്ഥരുമായി നടത്തിയ പത്രസമ്മേളനത്തില്‍ ഫ്രെഡറിക്‌സെന്‍ വ്യക്തമാക്കി: “നിങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ കൂട്ടിച്ചേര്‍ക്കാനാകില്ല – അന്താരാഷ്ട്ര സുരക്ഷയുടെ മറവില്‍ പോലും. ദേശീയ അതിര്‍ത്തികളും പരമാധികാരവും പ്രദേശിക സമഗ്രതയും അന്താരാഷ്ട്ര നിയമത്തില്‍ ഉറച്ചുനില്‍ക്കുന്ന മൂല്യങ്ങളാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചെറിയ രാജ്യങ്ങള്‍ വലിയവരെ ഭയപ്പെടേണ്ടതില്ലെന്ന് ഉറപ്പാക്കാനാണ് ഈ തത്വങ്ങള്‍ സ്ഥാപിക്കപ്പെട്ടത്.”
യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടാകുന്നത് അതീവ ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “ഡെന്‍മാര്‍ക്കിന്റെ ഒരു ഭാഗം നിങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയുടെ സമ്മര്‍ദ്ദവും ഭീഷണികളും ഞങ്ങള്‍ക്ക് നേരിടേണ്ടിവരുമ്പോള്‍, ഞങ്ങള്‍ ഒരുകാലത്ത് ആരാധിച്ചിരുന്ന ഈ രാജ്യത്തെക്കുറിച്ച് എന്താണ് ചിന്തിക്കേണ്ടത്?” ഫ്രെഡറിക്‌സെന്‍ ചോദിച്ചു.
ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടര്‍ച്ചയായി താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.




