റാസൽഖൈമയിൽ അപകടങ്ങൾ കൂടുതൽ പാർപ്പിട മേഖലയിലും സ്കൂൾ പരിസരങ്ങളിലുമാണെന്ന് പൊലീസ് റിപ്പോർട്ട്

റാസൽഖൈമ : എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ കൂടുതൽ ഇരകളായി കണക്കാക്കപ്പെടുന്നത് കുട്ടികളും വയസ്സായവരുമാണെന്ന് റാസൽഖൈമ പൊലീസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാനമായി പാർപ്പിട മേഖലകളും സ്കൂൾ പരിസരങ്ങളുമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നിടങ്ങൾ.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ 29 അപകടങ്ങൾ നടന്നതായാണ് കണക്ക്. ഇതിൽ 9 പേർ മരിച്ചു, 19 പേർക്ക് പരുക്കേറ്റു. അപകടങ്ങളുടെ പ്രധാന കാരണമായി അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പാർപ്പിട മേഖലയിലൂടെയുള്ള വാഹനയാത്രക്കിടയിൽ വേഗപരിധി ലംഘിക്കുന്നതും അപകടങ്ങൾക്ക് ഇടയാകുന്നു.
ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, റോഡ് കുറുകെ കടക്കുന്നവർക്ക് വഴിയൊരുക്കാതെ മുന്നോട്ടുപോകുന്നത് പോലുള്ള പ്രവൃത്തികളും അപകടങ്ങൾക്ക് കാരണമാകുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, അപകടം സംഭവിച്ച ശേഷം സ്ഥലത്ത് നിന്ന് ഒളിച്ചോടൽ എന്നിവയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അത്തരം നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കൽ, വാഹനം കണ്ടുകെട്ടൽ തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും റാസൽഖൈമ പൊലീസ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം നടപടികൾ ശക്തമാകുന്നതെന്നും അധികൃതർ വ്യക്തമാക്കി.




