AmericaFestivalsKeralaLatest NewsLifeStyleNews

നാട്ടിലും സദ്യ നൽകി ഓണത്തിന്റെ 50 വർഷങ്ങൾ ആഘോഷിച്ച് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ

ന്യൂയോർക്ക് : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അൻപതാം ഓണാഘോഷ ത്തോടൊപ്പം തന്റെ ചരിത്രത്തിലേക്ക് മറ്റൊരു പൊൻതൂവൽ കുറിച്ചു. പോർട്ട് ചെസ്റ്റർ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ പ്രസിഡന്റ് തോമസ് കോശിയുടെയും സെക്രട്ടറി നിരീഷ് ഉമ്മന്റെയും നേതൃത്വത്തിൽ നടന്ന ആഘോഷം കേരളത്തിന്റെ തനിമ നിറഞ്ഞ സദ്യ, കലാപരിപാടികൾ, ഘോഷയാത്രകൾ, തിരുവാതിര, പുലിക്കളി തുടങ്ങി ഒട്ടേറെ പരിപാടികളിലൂടെ ഓണത്തിന്റെ ഭംഗി പകർന്ന് മാറി.

അസോസിയേഷൻ നാട്ടിലെ സേവനപ്രവർത്തനത്തിലും മാതൃകയായി. അനാഥാലയങ്ങളിൽ കഴിയുന്ന 5000 പേർക്ക് ഓണസദ്യ നൽകിക്കൊണ്ട് ആഘോഷത്തിന്റെ മഹത്തായ സന്ദേശം പ്രാവർത്തികമാക്കി. 1975ൽ തുടക്കം കുറിച്ച സംഘടനയുടെ സുവർണജൂബിലി ആഘോഷം മുൻകാല നേതാക്കളെ അനുസ്മരിച്ച് ആദരിക്കപ്പെട്ട ചടങ്ങായും മാറി. ആദ്യ പ്രസിഡന്റ് അന്തരിച്ച എം.വി. ചാക്കോയുടെ പത്നി മേരി ചാക്കോയേയും മുൻ പ്രസിഡന്റ് കൊച്ചുമ്മൻ ജേക്കബിന്റെ പത്നി അന്നമ്മ ജേക്കബിനെയും വേദിയിൽ ആദരിച്ചു. മുൻ പ്രസിഡന്റുമാരായ കെ.ജെ. ഗ്രിഗറിയെയും എ.വി. വർഗീസിനെയും ലൈഫ് ടൈം അവാർഡ് നൽകി ആദരിച്ചു.

ഓണസദ്യ തന്നെയായിരുന്നു ആഘോഷത്തിന്റെ കേന്ദ്രാകർഷണം. രാവിലെ പതിനൊന്ന് മുതൽ വിശാലമായ ഹാളിൽ ഭക്ഷണം വിളമ്പാൻ സന്നദ്ധരായവർ അണിനിരന്നു. തുടർന്ന് മഹാബലിയെ ആനയിച്ച ഘോഷയാത്ര ചെണ്ടമേളത്തോടും ശിങ്കാരിമേളത്തോടും കൂടി വേദിയിൽ എത്തി.

സ്റ്റേറ്റ് സെനറ്റർ ഷെല്ലി മേയർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് കെൻ ജെങ്കിൻസ് ആശംസകൾ നേർന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ഫോമാ ആർ.വി.പി. പി.ടി. തോമസും സംഘടനയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിലും നിരവധി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

വെസ്റ്റ് ചെസ്റ്റർ ഏഞ്ചൽസ് അവതരിപ്പിച്ച തിരുവാതിര, ശബരിനാഥൻ നായർ–വേദ ശബരി ദ്വയം പാടിയ ഗാനങ്ങൾ, ലാൽ അങ്കമാലിയുടെ ഷോ, ലിസ ജോസഫിന്റെ നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തങ്ങൾ, സാത്വിക ഡാൻസ് അക്കാദമിയുടെ അവതരണങ്ങൾ, ഓട്ടം തുള്ളൽ, നാടോടി–സിനിമാനൃത്തങ്ങൾ തുടങ്ങി കലാപരിപാടികൾ ഒന്നിനൊന്ന് മികവ് പുലർത്തി. “കടുവയെ പിടിച്ച കിടുവ” എന്ന കോമഡി സ്കിറ്റും ഏറെ ശ്രദ്ധ നേടി.

ആഘോഷത്തിന്റെ വിജയത്തിനായി പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷറർ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ഏലമ്മ രാജ് തോമസ്, ജോ. സെക്രട്ടറി ജോ ഡാനിയേൽ, ജോ. ട്രഷറർ മോളമ്മ വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.ജെ. ഗ്രിഗറി, കോർഡിനേറ്റർമാരായ ടെറൻസൺ തോമസ്, ആന്റോ വർക്കി എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Back to top button