പ്രവാസി ഹെൽത്ത് ഇൻഷുറൻസ് ജിസിസി രാജ്യങ്ങളിലേക്കും: മുഖ്യമന്ത്രി പ്രഖ്യാപനം

തിരുവനന്തപുരം ∙ പ്രവാസികൾക്കായി നോർക്ക റൂട്സ് നടപ്പാക്കിയ ‘നോർക്ക കെയർ– പ്രവാസി ഹെൽത്ത് ഇൻഷുറൻസ്’ പദ്ധതി ഭാവിയിൽ ജിസിസി (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളിലെ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇപ്പോൾ ഇന്ത്യയിലെ 16,000ത്തിലധികം ആശുപത്രികളിൽ കാഷ്ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്. കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രയോജനം പ്രവാസികൾക്ക് വലിയ ആശ്വാസമാണെന്നും, അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയ പ്രവാസികളെ ചേർത്തുപിടിക്കാനും, അവരുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ടും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിക്കൊണ്ടും മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 150 കോടി രൂപ ചെലവഴിച്ച് 20 പദ്ധതികൾ ഇതിനകം പ്രവാസികൾക്കായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ എം.എസ്. സുസ്മേഷ് പദ്ധതിയുടെ ആദ്യ ഇ–കാർഡ് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി.
നോർക്ക റൂട്സ് ഡയറക്ടർ ഒ.വി. മുസ്തഫ, പ്രവാസി കേരളീയ ക്ഷേമബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറൻസ് എംഡി ഗിരിജ സുബ്രഹ്മണ്യൻ, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് എംഡി ബാജു ജോർജ്, നോർക്ക സെക്രട്ടറി എസ്. ഹരികിഷോർ, സിഇഒ അജിത് കോളശേരി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മൊബൈൽ ആപ്പും പ്രകാശനം ചെയ്തു.




