ട്രംപ് ആഘോഷ മോഡിൽ; സര്‍ക്കാര്‍ അടച്ചുപൂട്ടലിനിടയിലും നാവികസേനയുടെ 250-ാം വാര്‍ഷികം ആഘോഷമായി

വാഷിംഗ്ടണ്‍: സര്‍ക്കാര്‍ അടച്ചുപൂട്ടലിനിടയിലും ആഘോഷോത്സാഹം കുറയാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാവികസേനയുടെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വിര്‍ജീനിയയിലെ നോര്‍ഫോക്കില്‍ എത്തിയ ട്രംപിന്റെ പരിപാടി ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
നോര്‍ഫോക്ക് നാവികസ്റ്റേഷനില്‍ നടന്ന റാലി ശൈലിയിലുള്ള ചടങ്ങിലാണ് ട്രംപ് നാവികസേനയെ അഭിവാദ്യം ചെയ്തത്. സര്‍ക്കാര്‍ അടച്ചുപൂട്ടലിനിടയിലും നാവികരുടെ ശമ്പളം സുരക്ഷിതമാണെന്ന് ട്രംപ് ഉറപ്പുനല്‍കി. ആയിരക്കണക്കിന് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത ട്രംപ്, നാവികസേനയുടെ അഭിമാനകരമായ പാരമ്പര്യത്തെയും അമേരിക്കന്‍ സൈനിക ശക്തിയെയും പ്രശംസിച്ചു. കുടിശ്ശികയായുള്ള “ഓരോ ഡോളറും” നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ്, അടച്ചുപൂട്ടലിന് ഡെമോക്രാറ്റുകളെയാണ് കുറ്റപ്പെടുത്തിയതും സൈനികര്‍ക്ക് ശമ്പളവര്‍ധന ഉറപ്പുനല്‍കിയതും.
സൈനിക കുടുംബങ്ങള്‍ക്കും നാവികസേനയ്ക്കും പിന്തുണ തുടരുമെന്നു ആവര്‍ത്തിച്ച് ഉറപ്പുനല്‍കുകയും തന്റെ ഭരണകാലത്ത് സൈനിക ക്ഷേമം പ്രധാന മുന്‍ഗണനയായി തുടരുന്നുവെന്നും ട്രംപ് പറഞ്ഞു. പരിപാടി അവസാനിച്ചത് ട്രംപിന്റെ പ്രിയപ്പെട്ട ഗാനമായ വില്ലേജ് പീപ്പിള്‍സിന്റെ ‘വൈഎംസിഎ’ റെക്കോര്‍ഡിംഗോടെയായിരുന്നു. അനുയായികളുടെ കയ്യടിയും ആര്‍പ്പുവിളികളും ചടങ്ങിന് ആവേശം പകര്‍ന്നു.
ആഘോഷ വേദിയില്‍ ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, നാവിക സെക്രട്ടറി ജോണ്‍ ഫെലന്‍, വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി ഡഗ് കോളിന്‍സ്, യുഎസ് പ്രതിനിധി റോണി ജാക്‌സണ്‍ എന്നിവരും പങ്കെടുത്തു. റോണി ജാക്‌സണ്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസ് ഡോക്ടറായും സേവനമനുഷ്ഠിച്ചിരുന്നു.




