സമരം വിജയം; 265 ദിവസത്തെ സെക്രട്ടേറിയറ്റ് രാപകൽ സമരം അവസാനിപ്പിച്ച് ആശാ വർകർമാർ

തിരുവനന്തപുരം: 265 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ തുടരുന്ന ആശാ വർകർമാരുടെ രാപകൽ സമരം അവസാനിച്ചു. സമരം ജില്ലകളിലേക്ക് മാറ്റാനാണ് തീരുമാനം. ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയായി വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
സമരം നാളെ അവസാനിപ്പിക്കുമെന്ന് ആശാ സമരസമിതി ജനറൽ സെക്രട്ടറി എം. എ. ബിന്ദു അറിയിച്ചു. ജില്ലകളിൽ സമരത്തിന്റെ പുതിയ രൂപരേഖ ആലോചിച്ച് നടപ്പാക്കുമെന്ന് അവര്‍ വ്യക്തമാക്കി. ആശാ സമരത്തിന്റെ വാർഷിക ദിനമായ 2026 ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് വീണ്ടും സമരവുമായി മടങ്ങിവരുമെന്നും ബിന്ദു പറഞ്ഞു.
“എട്ടു മാസത്തെ സമര ജീവിതം ആശമാർക്ക് പുതിയ പാഠങ്ങൾ നൽകി. ഓണറേറിയം ആയിരം രൂപ വർധിപ്പിച്ച സർക്കാരിന്റെ തീരുമാനം സമര വിജയത്തിന്റെ തെളിവാണ്,” എന്നും എം. എ. ബിന്ദു പ്രതികരിച്ചു.
ആശാ വർകർമാർ ആദ്യം ഉന്നയിച്ച പ്രധാന ആവശ്യം ഓണറേറിയം 21,000 രൂപയാക്കണമെന്നതായിരുന്നു. ഇപ്പോഴത്തെ സർക്കാർ തീരുമാനം കടുംപിടിത്തത്തിൽ നിന്ന് വന്ന ഒരു തിരിച്ചടിയാണെന്ന് സമരസമിതി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിന്റെ രീതി മാറ്റി ജില്ലകളിൽ തുടരാനുള്ള തീരുമാനം ഉണ്ടായത്.
അതേസമയം, ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കപ്പെടുംവരെ സമരം തുടരുമെന്ന നിലപാട് ആശാ സമരസമിതി നിലനിർത്തി. “കേന്ദ്രമാണ് ഓണറേറിയം നൽകേണ്ടത് എന്ന സംസ്ഥാന സർക്കാരിന്റെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം തെളിയിക്കുന്നു,” എന്നും ബിന്ദു പറഞ്ഞു.
62 വയസ്സിൽ ആശാ വർകർമാരെ പിരിച്ചുവിടുന്ന നടപടി പിന്‍വലിക്കാൻ സർക്കാർ തീരുമാനിച്ചു. 10 വർഷം പൂർത്തിയാക്കിയവർക്ക് വിരമിക്കൽ ആനുകൂല്യമായി 50,000 രൂപ നൽകുമെന്നും കേന്ദ്രം അറിയിച്ചു. മുഴുവൻ കുടിശ്ശികയും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ബിന്ദു പറഞ്ഞു.
സർക്കാർ ആശാ വർകർമാരുടെ സമരത്തെ പഠിക്കാനും പരിഗണിക്കാനും തയ്യാറായതും സമരത്തിന്റെ വലിയ നേട്ടമാണെന്ന് സമരസമിതി വ്യക്തമാക്കി.




