“കുടിയേറ്റക്കാരുടെ നഗരം ന്യൂയോർക്ക്”: സോഹ്രാൻ മാംദാനിയുടെ ആവേശഭരിത പ്രസംഗം

ന്യൂയോർക്ക് : ന്യൂയോർക്ക് മേയറായി ചരിത്രവിജയം നേടിയ സോഹ്രാൻ മാംദാനി തന്റെ വിജയ പ്രസംഗത്തിൽ കുടിയേറ്റക്കാരെ അഭിവാദ്യം ചെയ്ത്, “ഈ ജനാധിപത്യം നിങ്ങളുടേതും കൂടിയാണ്” എന്നു പ്രഖ്യാപിച്ചു. ബ്രൂക്ലിൻ പാരമൗണ്ട് തിയറ്ററിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തോട് സംസാരിക്കുമ്പോൾ അദ്ദേഹം ജവാഹർലാൽ നെഹ്‌റുവിന്റെ പ്രസിദ്ധമായ വാക്കുകൾ ഉദ്ധരിച്ചു – “ചരിത്രത്തിൽ അപൂർവമായി വരുന്ന ഒരു മുഹൂർത്തമുണ്ട്; നാം പഴയതിൽ നിന്ന് പുതുതിലേക്കു കടക്കുന്നു, ഒരു യുഗം അവസാനിക്കുമ്പോൾ ദീർഘകാലം നിശബ്ദമാക്കിയിരുന്ന രാജ്യത്തിന്റെ ആത്മാവ് വീണ്ടും സംസാരിക്കാൻ തുടങ്ങുന്നു.”മാംദാനി തന്റെ പ്രസംഗത്തിൽ ന്യൂയോർക്കിന്റെ ഹൃദയമാകുന്നത് കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കി. “ഇത് കുടിയേറ്റക്കാർ നിർമിച്ച നഗരം, അവർ ഊർജം നൽകുന്ന നഗരം, ഇന്നുമുതൽ കുടിയേറ്റക്കാരൻ നയിക്കുന്ന നഗരം തന്നെയാണ്,” അദ്ദേഹം പറഞ്ഞു.

ട്രംപിനെ അഭിമുഖമായി വിമർശിച്ച മാംദാനി പറഞ്ഞു: “പ്രസിഡന്റ് ട്രംപ് കേട്ടോളൂ — ഞങ്ങളിൽ ഒരാളെ പോലും നീക്കം ചെയ്യണമെങ്കിൽ ഞങ്ങൾ എല്ലാവരെയും നേരിടേണ്ടിവരും.” കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് പുറത്താക്കാനുള്ള ട്രംപിന്റെ നയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മാംദാനി വ്യക്തമാക്കിയിരുന്നു.
തന്റെ ഭരണകാലത്ത് നഗരത്തിലെ മറക്കപ്പെട്ടവരെ ഓർക്കാമെന്ന വാഗ്ദാനവും അദ്ദേഹം നൽകി. “യെമെനി ഭക്ഷണശാലകളിലും മെക്സിക്കൻ റസ്റ്റോറന്റുകളിലും സെനഗളീസ് ടാക്സി ഡ്രൈവർമാരിലും ഉസ്ബക് നഴ്‌സുമാരിലും ട്രിനിഡാഡിൽ നിന്നുള്ള ലൈൻ കുക്കുകളിലും എത്യോപ്യൻ ആന്റിമാരിലും ഈ നഗരത്തിന്റെ ആത്മാവുണ്ട്. കെൻസിങ്ടൺ, മിഡ്‌വുഡ്, ഹണ്ട്സ് പോയിന്റ് എവിടെയായാലും – ഈ നഗരം ഞങ്ങളുടേതാണ്, ഈ ജനാധിപത്യം നിങ്ങളുടേതാണ്,” മാംദാനി പറഞ്ഞു.
ന്യൂയോർക്കിലെ ജനങ്ങൾക്ക് വിലക്കയറ്റം ഒരു പ്രധാന പ്രശ്നമാണെന്നും അതിനെ നിയന്ത്രിക്കാൻ തന്റെ ഭരണകൂടം മികച്ച പരിപാടികൾ ആവിഷ്‌കരിക്കുമെന്നും മാംദാനി ഉറപ്പു നൽകി.




