ഡോളർ ട്രീ സ്റ്റോറിലെ ഫ്രീസറിനുള്ളിൽ വനിതാ ഡോക്ടറുടെ മൃതദേഹം; മയാമിയിൽ ദുരൂഹ മരണം

ഫ്ലോറിഡ : ഫ്ലോറിഡയിലെ മയാമിയിൽ പ്രവർത്തിക്കുന്ന ഡോളർ ട്രീ സ്റ്റോറിലെ ഫ്രീസറിനുള്ളിൽ യുവ വനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. നിക്കരാഗ്വ സ്വദേശിനിയായ ഡോ. ഹെലൻ മാസിൽ ഗാരെ സാഞ്ചസ് (32) ആണു മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സ്റ്റോറിലെ ജീവനക്കാരൻ മൃതദേഹം കണ്ടെത്തിയത്.
തലേദിവസം രാത്രിയിലാണ് ഹെലൻ സ്റ്റോറിലെത്തിയതെന്നും, ജീവനക്കാർക്ക് മാത്രമേ പ്രവേശനമുള്ള ഫ്രീസർ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അവർ പോയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രി മുഴുവൻ അവിടെതന്നെ ചെലവഴിച്ചിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. എന്തിനാണ് ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്തേക്ക് അവർ പോയതെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.
മരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ കൊലപാതക സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഹെലന് മാനസികമോ വ്യക്തിപരമോ ആയ പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളുടെ ചികിത്സയിൽ വിദഗ്ധയായ അനസ്തേഷ്യോളജിസ്റ്റായിരുന്നു ഹെലൻ.
സംഭവത്തെ തുടർന്ന് സ്റ്റോർ താൽക്കാലികമായി അടച്ചുപൂട്ടിയെങ്കിലും പിന്നീട് അന്നേ ദിവസം തന്നെ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. മരണകാരണം വ്യക്തതവരുത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




