ജനുവരി 28-ന് കോട്ടയത്ത് മതസൗഹാർദ സമ്മേളനം; കർദിനാൾ കുവക്കാടിന് സ്വീകരണം

കോട്ടയം: മദ്ധ്യതിരുവിതാംകൂർ വികസന കൗൺസിലും കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബ യോഗവും , സംയുക്തമായി സംഘടിപ്പിക്കുന്ന മതസൗഹാർദ സമ്മേളനവും കർദിനാൾ മാർ ജോർജ് കുവക്കാട് പിതാവിന് നൽകുന്ന സ്വീകരണവും ജനുവരി 28-ന് കോട്ടയം സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയിൽ നടക്കും.

വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ വിവിധ മതസാമുദായിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
കേരളത്തിന്റെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ശക്തി പകരുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പുതുതായി കർദിനാൾ പദവിയിലേക്കുയർന്ന മാർ ജോർജ് കുവക്കാട് പിതാവിനെ ആദരിക്കുന്നതോടൊപ്പം, സൗഹൃദവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി വിവിധ മതനേതാക്കളുടെ സാന്നിധ്യത്തിൽ അനുഗ്രഹപ്രഭാഷണങ്ങളും ആശംസാ സന്ദേശങ്ങളും ഉണ്ടാകും. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അതോടൊപ്പം , അമേരിക്കയിൽ നിന്നെത്തുന്ന കേരളാ ടൈംസ് മാനേജിങ്ങ് ഡയറക്ടറും , പ്രവാസി കോൺക്ലേവ് ട്രസ്റ്റ് പ്രസിഡന്റും , ഫൊക്കാന മുൻ പ്രസിഡന്റുമായ പോൾ കറുകപ്പിള്ളിൽ സമ്മേളനത്തിൽ മഹനീയമായ സാനിധ്യം ഉണ്ടായിരിക്കുന്നതാണ് .
മതസൗഹാർദത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ സമ്മേളനം വലിയ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.





