അശോക സ്കൂളില്‍ സ്വീഡിഷ് അധ്യാപകരുടെ സന്ദര്‍ശനം

കൊച്ചി: കൊച്ചിയിലെ എളമക്കരയിലെ അശോക വേള്‍ഡ് സ്കൂളില്‍ സ്വീഡനില്‍ നിന്നുള്ള നാല് അധ്യാപകര്‍ സന്ദര്‍ശനം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘമെത്തിയത്. അധ്യാപകരായ മത്തിയാസ് വിചാന്‍ വിക്സ്ട്രോം, നില്‍സ് സ്റ്റാഫന് എറിക്സണ്, അധ്യാപികമാരായ ആയ അമീന്, ആഞ്ചല ഡിസയര്‍ സിംഗ് ടെഡ്ബോണ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സന്ദര്‍ശകര്‍ സ്വീഡിഷ് ടീച്ചേഴ്സ് യൂണിയന് സംഘടനയില്‍ അംഗങ്ങളായ അധ്യാപകരാണ്. ഇന്ത്യയിലെ, വിശേഷിച്ചും കേരളത്തിലെ വിദ്യാഭ്യാസ രീതി മികച്ചതാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അവര്‍ കേരളത്തിലെത്തിയത്. സന്ദര്‍ശനത്തിനിടെ അധ്യാപകര്‍ വിവിധ ക്ലാസ്സുകള്‍ നിരീക്ഷിക്കുകയും കുട്ടികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. പഠനാന്തരീക്ഷം, വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, അധ്യാപന രീതികള്‍ എന്നിവയെക്കുറിച്ച് അവര്‍ വിലയിരുത്തി.
തുടര്‍ന്ന് അശോക സ്കൂളിലെ അധ്യാപകരുമായി ഒരു ഇന്ററാക്ടീവ് സെഷനും സംഘടിപ്പിച്ചു. സെഷനില്‍ സ്വീഡനിലെയും ഇന്ത്യയിലെയും അധ്യാപന രീതികളിലെ വ്യത്യാസങ്ങള്‍, അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍, ക്ലാസ്റൂം മാനേജ്മെന്റ്, വിദ്യാര്‍ത്ഥികളുടെ പഠനശൈലികള്‍ തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.




