IndiaKeralaLatest NewsNews

പോളണ്ടിൽ സ്വർണം നേടിയ ആയുർവേദ രുചി; ഹെർബൽ ലിക്വറി ലൂടെ ചരിത്രം കുറിച്ച് മലയാളി സംരംഭകൻ.

പോളണ്ടിലെ വാഴ്സോയിൽ നടന്ന ലോകപ്രശസ്തമായ വാഴ്സോ സ്പിരിറ്റ് കോമ്പറ്റീഷനിൽ മലയാളിയായ മിഥുൻ മോഹന്റെ വിജയഗാഥയാണ് ഈ വർഷം ശ്രദ്ധേയമായത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ മിഥുൻ വികസിപ്പിച്ചെടുത്ത ‘ആയുർവോഡ്’ എന്ന ഹെർബൽ ലിക്വർ 2025ലെ മത്സരത്തിൽ സുവർണ്ണ മെഡൽ നേടി രാജ്യാന്തര തലത്തിൽ ചരിത്രം കുറിച്ചു.

കേരളത്തിന്റെ തനതായ ആയുർവേദ പാരമ്പര്യവും പോളണ്ടിന്റെ പ്രശസ്തമായ ഗോതമ്പ് വോഡ്കയും ഒന്നിക്കുന്ന ഫ്യൂഷൻ ഡ്രിങ്കാണ് ആയുർവോഡ്. 40 ശതമാനം ആൽക്കഹോൾ അടങ്ങിയ ഈ പാനീയത്തിൽ ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, നെല്ലിക്ക, ജീരകം, ചുക്ക്, കുരുമുളക്, ജാതിപത്രി, മഞ്ഞൾ തുടങ്ങി 75ഓളം ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും ഔഷധക്കൂട്ടുകളും ഉൾക്കൊള്ളുന്നു. കൃത്രിമ മധുരത്തിന് പകരം ശർക്കര ഉപയോഗിച്ചതിനാൽ സ്വാഭാവികമായ തവിട്ടുനിറവും പ്രത്യേക രുചിയും ഈ ലിക്വറിന് ലഭിച്ചിട്ടുണ്ട്.

പത്രപ്രവർത്തകനും അഭിഭാഷകനുമായിരുന്ന മിഥുൻ കഴിഞ്ഞ എട്ട് വർഷമായി പോളണ്ടിലാണ് താമസം. ശ്രദ്ധേയമായ വസ്തുത എന്തെന്നാൽ, മിഥുൻ മദ്യപിക്കുന്ന ആളല്ല. സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് ഒരിക്കൽ ഒരു യൂറോപ്യൻ ഹെർബൽ പാനീയം രുചിച്ചതോടെയാണ് അദ്ദേഹത്തിന്റെ ചിന്താഗതി മാറിയത്. യൂറോപ്പിലെ പല രാജ്യങ്ങൾക്കും അവരുടെ സംസ്കാരവുമായി ബന്ധിപ്പിക്കാവുന്ന പ്രത്യേക പാനീയങ്ങൾ ഉള്ളപ്പോഴും, അവയിൽ പലതിലും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് സ്വന്തം സിഗ്നേച്ചർ ഹെർബൽ സ്പിരിറ്റ് ഇല്ലെന്ന തിരിച്ചറിവാണ് ഈ സംരംഭത്തിന് പ്രചോദനമായത്.

തുടർന്നുള്ള വർഷങ്ങൾ ഗവേഷണത്തിന്റെയും പഠനത്തിന്റെയും കാലമായിരുന്നു. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ മരുന്നായി ഉപയോഗിച്ചിരുന്ന ‘സുര’യെക്കുറിച്ചും രാമായണകാലത്തെ പാനസംസ്‌കാരത്തെക്കുറിച്ചും മിഥുൻ വിശദമായി പഠിച്ചു. വലിയ ഡിസ്റ്റിലറികൾ പലതും ആശയം തള്ളിക്കളഞ്ഞെങ്കിലും ചില ചെറിയ നിർമ്മാണ യൂണിറ്റുകൾ അദ്ദേഹത്തിനൊപ്പം കൈകോർത്തു. മൂന്ന് വർഷത്തെ നിരന്തര പരീക്ഷണങ്ങൾക്കൊടുവിൽ പോളിഷ് വോഡ്കയെ അടിസ്ഥാനമാക്കി ഇന്ത്യൻ ആയുർവേദ ഘടകങ്ങൾ ചേർത്ത് ആയുർവോഡ് രൂപം കൊണ്ടു.

നിലവിൽ യൂറോപ്പിലെ പ്രീമിയം ബാറുകളിലും ഹൈഎൻഡ് റെസ്റ്റോറന്റുകളിലും ലഭ്യമായ ഈ ലിക്വർ, അടുത്തിടെ ഇന്ത്യൻ വിപണിയിലേക്കും എത്തിക്കാനുള്ള ഒരുക്കത്തിലാണ് മിഥുൻ. ഇന്ത്യൻ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവർക്കും പുതുമ തേടുന്ന അന്താരാഷ്ട്ര ഉപഭോക്താക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പാനീയമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.

Show More

Related Articles

Back to top button