‘ഇത് ഞങ്ങളുടെ യുദ്ധമല്ല’: ഹോർമുസ് പ്രതിസന്ധിയിൽ ട്രംപിന് തിരിച്ചടി; സഖ്യകക്ഷികൾ സൈനിക നീക്കത്തിൽ നിന്ന് പിന്മാറി

ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത സൈനിക നീക്കം നടത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തെ പ്രധാന സഖ്യകക്ഷികൾ തള്ളി. ഇറാനുമായി നേരിട്ടുള്ള യുദ്ധസാധ്യത ഉയർത്തുന്ന ഇത്തരം നീക്കങ്ങളിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് യൂറോപ്യൻ രാജ്യങ്ങൾ തുറന്നുപറഞ്ഞത്.
ലോകത്തെ എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ ചൈന, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സ്വന്തം യുദ്ധക്കപ്പലുകൾ വിന്യസിക്കണമെന്നും, അതിന് തയാറാകാത്ത പക്ഷം നാറ്റോ സഖ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകാമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ ഈ നിലപാടിനെ പല രാജ്യങ്ങളും ശക്തമായി വിമർശിക്കുകയും ‘ബ്ലാക്ക്മെയിൽ’ എന്ന നിലയിൽ വിശേഷിപ്പിക്കുകയും ചെയ്തു.
ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സൈനിക വിന്യാസത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമായി അറിയിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം നിലനിർത്താൻ താൽപര്യമുണ്ടെങ്കിലും, അമേരിക്കയുടെ യുദ്ധപരമായ നീക്കങ്ങളിൽ പങ്കാളികളാകാൻ കഴിയില്ലെന്നതാണ് ജർമൻ ചാൻസലറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആവർത്തിച്ചിരിക്കുന്നത്.
ഇറാൻ ഹോർമുസ് മേഖലയിൽ സൃഷ്ടിക്കുന്ന തടസ്സങ്ങൾ മൂലം ആഗോള എണ്ണവിലയിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും, സഖ്യകക്ഷികളുടെ ഈ നിലപാട് അമേരിക്കയെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.




