GulfLatest NewsNews

വിമാനയാത്ര മുടങ്ങിയാലും എല്ലായ്‌പ്പോഴും നഷ്ടപരിഹാരമില്ല; പുതിയ യാത്രാവകാശ നിബന്ധന യുമായി ഒമാൻ

മസ്‌കത്ത്: യാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ വ്യക്തതയോടെ സംരക്ഷിക്കുന്നതിനായി ഒമാൻ പുറത്തിറക്കിയ ‘പാസഞ്ചർ റൈറ്റ്സ് റെഗുലേഷൻ’ പ്രകാരമുള്ള മാർഗനിർദ്ദേശങ്ങൾ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടു. നിയന്ത്രണാതീതമായ സാഹചര്യങ്ങൾ മൂലം വിമാന സർവീസുകൾ തടസപ്പെടുന്നുവെങ്കിൽ യാത്രക്കാർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനികൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നു.

കനത്ത മഴ, പ്രകൃതിക്ഷോഭങ്ങൾ, രാഷ്ട്രീയ അസ്ഥിരത, സുരക്ഷാ ഭീഷണികൾ തുടങ്ങിയ വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാൽ വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ പ്രത്യേക നഷ്ടപരിഹാരം ലഭിക്കില്ല. എന്നാൽ യാത്ര തുടരാൻ താൽപര്യമില്ലാത്തവർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമായിരിക്കും.

ടിക്കറ്റ് തുക പണമായോ ബാങ്ക് ട്രാൻസ്ഫറായോ ട്രാവൽ വൗച്ചറുകളായോ നൽകാമെന്നും നിർദേശത്തിൽ പറയുന്നു. വിമാനം റദ്ദാക്കിയാൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ട സൗകര്യവും കമ്പനി ഉറപ്പാക്കണം.

ദീർഘനേരം വിമാനം വൈകുന്ന സാഹചര്യങ്ങളിൽ ഭക്ഷണം, ലഘുഭക്ഷണം, ആശയവിനിമയ സൗകര്യങ്ങൾ എന്നിവ നൽകണം. രാത്രി താമസം ആവശ്യമായാൽ ഹോട്ടൽ സൗകര്യവും വിമാനത്താവളത്തിലേക്കും തിരിച്ചും ഗതാഗതവും സൗജന്യമായി നൽകേണ്ടതുണ്ടെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.

അതേസമയം സാങ്കേതിക തകരാർ പോലുള്ള സാധാരണ കാരണങ്ങളാൽ വിമാനം റദ്ദാക്കുകയാണെങ്കിൽ യാത്രക്കാരെ മുൻകൂട്ടി അറിയിക്കണം. വേണ്ട സമയത്ത് വിവരം നൽകാത്ത പക്ഷം യാത്രക്കാർക്ക് നിശ്ചിത തുക നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശമുണ്ടാകും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button