സ്വന്തം സഹോദരനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത പ്രതിക്ക് ജീവപര്യന്തം.

ന്യൂജേഴ്‌സി: പണത്തോടുള്ള അത്യാഗ്രഹം മൂലം സ്വന്തം സഹോദരനെയും ഭാര്യയെയും അവരുടെ രണ്ട് കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോൾ കനീറോയ്ക്ക് (59) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരോൾ ലഭിക്കാത്ത വിധം നാല് തുടർച്ചയായ ജീവപര്യന്തം ശിക്ഷകളാണ് ന്യൂജേഴ്‌സി കോടതി ചൊവ്വാഴ്ച വിധിച്ചത്.
2018-ലായിരുന്നു അമേരിക്കയെ നടുക്കിയ ഈ സംഭവം നടന്നത്. ബിസിനസ്സ് അക്കൗണ്ടിൽ നിന്ന് പോൾ പണം തട്ടിച്ചതായി സഹോദരൻ കീത്ത് കനീറോ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ, കീത്തിനെയും ഭാര്യയെയും 11-ഉം 8-ഉം വയസ്സുള്ള മക്കളെയും പോൾ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സഹോദരന്റെ വീടിന് പോൾ തീയിട്ടു. പിന്നീട് അന്വേഷണം വഴിതിരിച്ചുവിടാനായി സ്വന്തം ഭാര്യയും മക്കളും ഉള്ള സമയത്ത് സ്വന്തം വീടിനും ഇയാൾ തീയിട്ടിരുന്നു.
ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയ പ്രതി തികഞ്ഞ ക്രൂരതയാണ് കാണിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. മരണം വരെ പോൾ ഇനി ജയിലിനുള്ളിൽ തന്നെ കഴിയേണ്ടിവരും.
-പി പി ചെറിയാൻ




