31 വർഷങ്ങൾക്ക് ശേഷം വനിതാ ഡെപ്യൂട്ടി സ്പീക്കർ; ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. 31 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയ്ക്ക് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ ലഭിക്കുന്നത്. നടന്ന തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 വോട്ടും, സി.പി.ഐ സ്ഥാനാർഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി അംഗങ്ങളായ മൂന്ന് എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ നാല് പേർ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ, സി.കെ. ഹരീന്ദ്രൻ എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിന് പിന്നാലെ സ്പീക്കർ ഷാനിമോൾ ഉസ്മാനെ അഭിനന്ദിച്ചു.
അതേസമയം, നിയമസഭയിൽ ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്റെ അവതരണവും ചർച്ചയും ആരംഭിക്കും. എം. വിൻസെന്റ് നന്ദിപ്രമേയം അവതരിപ്പിക്കും. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സർക്കാരിന്റെ നിലപാട് റവന്യൂ മന്ത്രി സഭയെ അറിയിക്കും.
നന്ദിപ്രമേയ ചർച്ച നടക്കുന്ന മൂന്ന് ദിവസങ്ങളിലും ചോദ്യോത്തരവേള ഉണ്ടാകില്ല. ഇതിനിടെ, പതിനാറാം നിയമസഭയുടെ ആദ്യ അടിയന്തര പ്രമേയമായി വിലക്കയറ്റ വിഷയം പ്രതിപക്ഷം ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ് മുതൽ വന്ദേമാതരം വിവാദം വരെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉയർന്നേക്കുമെന്നാണ് സൂചന.




