
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കോയമ്പത്തൂര്‍ ഇഷ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം നടന്നു. തോപ്പുകര്ണം, നാഡീവ്യൂഹ പ്രാണായാമം, മിറാക്കിള്‍ ഓഫ് മൈന്‍ഡ് മെഡിറ്റേഷന്‍, നാദയോഗ എന്നിവയാണ് കുട്ടികളെ പരിശീലിപ്പിച്ചത്. യോഗ ദിനാചരണം ഡിഫറന്റ് ആര്‍ട് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. യോഗ ക്രിയകള്‍ക്ക് ഇഷ സെന്റര്‍ യോഗ ട്രയിനര്‍ ജയകൃഷ്ണന് വി.എം നേതൃത്വം നല്കി. യോഗ സ്വയത്തിനും സമൂഹത്തിനും എന്ന ഈ വര്‍ഷത്തെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആഘോഷം. യോഗ ശരീരത്തിനുള്ള വ്യായാമം മാത്രമല്ല, മനസ്സിനെ സംസ്കരിക്കാനുള്ള ശാസ്ത്രമാണെന്ന് മുഖ്യപ്രഭാഷണത്തിനിടെ ജയകൃഷ്ണന് പറഞ്ഞു. സൂര്യ നമസ്കാരത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ ഇഷസെന്റര് യോഗ ട്രയിനര്‍ ആഷ, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.




