‘ഉറങ്ങാന്‍ പാരസെറ്റാമോളും സിട്രിസിനും’; ട്രോമയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ട്രോളിയ്ക്ക് നടുവില്‍ മന്ത്രി ശിവന്‍കുട്ടി.

തിരുവനന്തപുരം ∙ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണു കടന്നുപോകുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്ന ശബ്ദസന്ദേശം പുറത്തുവിട്ടു രാഹുല്‍ ഈശ്വര്‍. എക്സ്ട്രീം ട്രോമയിലാണ് താനിപ്പോള്‍ കഴിയുന്നതെന്നും എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല ഇപ്പോള്‍ തന്റെ ആഗ്രഹം, മറിച്ച് റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നാണെന്നും രാഹുല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
‘രാത്രിയില്‍ ഉറങ്ങാന്‍ പാരസെറ്റാമോളും സിട്രിസിനും കഴിക്കും. രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങാറുള്ളത്. വിശപ്പില്ല, അതുകൊണ്ട് ഭക്ഷണം കഴിക്കാറില്ല. ട്രോമ സ്ത്രീകള്‍ക്ക് മാത്രമല്ല, എനിക്കും അതിലൂടെയാണ് കടന്നുപോകുന്നത്’ – എന്നാണ് രാഹുല്‍ സംഭാഷണത്തില്‍ പറയുന്നത്.
പുറത്തുവന്ന ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളിനിടയാക്കി. ഇതിനെതിരെ പ്രതികരിച്ച് മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിപ്പിട്ടു: “പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് – പാരസെറ്റാമോള്‍, സിട്രിസിന്‍ തുടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. വ്യാജന്‍മാരെ ഒഴിവാക്കുക.” പാരസെറ്റാമോള്‍ ഉറക്കത്തിന്‍റെ മരുന്നല്ലെന്നും സിട്രിസിന്‍ ഉറങ്ങാന്‍ വേണ്ടി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിച്ചു.
അതേസമയം, തനിക്കെതിരെ ‘പെയ്ഡ് ആക്രമണം’ നടക്കുന്നുവെന്ന് നടി റിനി ആന്‍ ജോര്‍ജ് സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തി. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതിന് ശേഷമാണ് താരം പ്രതികരിച്ചത്. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ മാഞ്ഞുപോകില്ലെന്നും പോരാട്ടം തുടരുമെന്നും റിനി വ്യക്തമാക്കി.




