
പെരുമ്പാവൂർ : മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ സ്നേഹത്തോടെ വിളിച്ചിരുന്നത് “തങ്കപ്പൻ” എന്ന്. പലവട്ടം തിരുത്തിയിട്ടും നായനാർ സഭയ്ക്കകത്തും പുറത്തും അങ്ങനെ തന്നെ വിളിച്ചു. ആ വിളിയിലെ സൗഹൃദം പോലെ തന്നെയായിരുന്നു പി.പി. തങ്കച്ചന്റെ പൊതുപ്രവർത്തനങ്ങളും.
1968-ൽ വെറും 28-ാം വയസ്സിൽ പെരുമ്പാവൂർ നഗരസഭയുടെ അധ്യക്ഷനായ തങ്കച്ചൻ പതിനൊന്നുവർഷം ആ സ്ഥാനത്ത് നിന്നു. പ്രതിപക്ഷത്തോടും ചേർന്ന് അഭിപ്രായങ്ങൾ തേടുകയും പദ്ധതികൾക്കുള്ള അനുമതിക്കായി സെക്രട്ടേറിയറ്റിലേക്കു പോകുമ്പോൾ പോലും പ്രതിപക്ഷ പ്രതിനിധിയെ ഒപ്പമെടുക്കുകയും ചെയ്തിരുന്നു. മൈനർ മുനിസിപ്പാലിറ്റിയായിരുന്ന പെരുമ്പാവൂരിനെ മേജർ മുനിസിപ്പാലിറ്റിയാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ടാണ്.
1977-ൽ തങ്കച്ചൻ ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങി. അങ്കമാലിയിൽ എതിർ സ്ഥാനാർഥി സിപിഎമ്മിന്റെ കരുത്തനായ എ.പി. കുര്യൻ. തൊഴിലാളിത്തോട്ടങ്ങളിലെ പ്രമുഖ നേതാവായിരുന്ന കുര്യനെതിരെ മത്സരിക്കാൻ പലർക്കും ഭയം തോന്നിയിരുന്നെങ്കിലും തങ്കച്ചൻ നേരിട്ട് ഇറങ്ങി. തൊഴിലാളികളുടെ ഇടയിൽ വോട്ടു തേടിയപ്പോൾ സിഐടിയു പ്രവർത്തകർ തടഞ്ഞു. സംഘർഷം ഒഴിവാക്കാൻ സമാധാനത്തോടെ മടങ്ങിയെങ്കിലും, അടുത്ത ദിവസം കൂടുതൽ പ്രവർത്തകരുമായി വീണ്ടും എത്തി പൊതുയോഗവും നടത്തി.
തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മുൻ തിരഞ്ഞെടുപ്പുകളിൽ ആയിരങ്ങൾക്കു മുകളിൽ ഭൂരിപക്ഷം നേടിയിരുന്ന കുര്യന്റെ ഭൂരിപക്ഷം വെറും 561 വോട്ടിലേക്കു ചുരുക്കാൻ തങ്കച്ചന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുര്യന്റെ വീട്ടിലെത്തി ചായ കുടിച്ചും സൗഹൃദം പുതുക്കിയും പിരിഞ്ഞു. ആ സൗഹൃദം ജീവിതാന്ത്യം വരെ തുടർന്നു.
പെരുമ്പാവൂരിന്റെ വളർച്ചയ്ക്കു ഉറച്ച കൈപ്പിടി വെച്ച നേതാവിനെ നാട്ടുകാർ എന്നും ഓർക്കും.
കേരള ടൈംസ് മാനേജിങ് ഡയറക്ടറും ഫൊക്കാനയുടെ മുൻ പ്രസിഡന്റുമായ ശ്രീ. പോൾ കറുകപ്പിള്ളിൽ നൽകുന്ന സന്താപ കുറിപ്പ്
പെരുമ്പാവൂരിന്റെ പുരോഗതിക്ക് തന്റെ യുവാവസ്ഥ മുതൽ ജീവിതം സമർപ്പിച്ച നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ച വാർത്ത വലിയ ദുഃഖത്തോടെയാണ് അറിഞ്ഞത്.
പൊതു പ്രവർത്തനങ്ങളിൽ അപൂർവ്വമായ സമർപ്പണവും സൗഹൃദവും കൊണ്ടു അദ്ദേഹം തലമുറകൾക്ക് മാതൃകയായിരുന്നുവെന്ന് ഓർക്കുന്നു.
മൈനറിൽ നിന്നു മേജർ മുനിസിപ്പാലിറ്റിയിലേക്ക് പെരുമ്പാവൂരിന്റെ വളർച്ചക്ക് വഴിയൊരുക്കിയ അദ്ദേഹത്തിന്റെ സേവനങ്ങൾ ചരിത്രത്തിൽ എന്നും തെളിഞ്ഞുനിൽക്കും.
വ്യക്തിപരമായും കുടുംബസമേതവും അദ്ദേഹത്തോടുള്ള സൗഹൃദം വിലപ്പെട്ട ഓർമ്മകളായി തുടരുന്നു.
ഈ ദുഃഖവേളയിൽ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും ഹൃദയത്തിൽനിന്നുള്ള അനുശോചനം അറിയിക്കുന്നു.
– പോൾ കറുകപ്പിള്ളിൽ
മാനേജിങ് ഡയറക്ടർ, കേരള ടൈംസ്
മുൻ പ്രസിഡന്റ്, ഫൊക്കാന




