നാസയുടെ പുതിയ ബഹിരാകാശ പരിശീലനസംഘത്തില്‍ മലയാളിയുടെ മരുമകള്‍ അന്ന മേനോന്‍

ഫ്‌ളോറിഡ ∙ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ചന്ദ്രന്‍, ചൊവ്വ തുടങ്ങിയ ഭാവി ദൗത്യങ്ങള്‍ക്കായി നാസ തെരഞ്ഞെടുത്ത 10 അംഗ പരിശീലന സംഘത്തില്‍ മലയാളിയുടെ മരുമകള്‍ അന്ന മേനോനും. 8,000-ത്തിലധികം അപേക്ഷകരില്‍ നിന്നാണ് സംഘത്തെ തെരഞ്ഞെടുത്തത്. നാലു പുരുഷന്മാരും ആറു സ്ത്രീകളുമടങ്ങുന്ന സംഘത്തില്‍ മികച്ച വിമാനപരിചയമുള്ള പൈലറ്റുമാര്‍, ഒരു ജിയോളജിസ്റ്റ്, ഒരു അനസ്തേഷ്യോളജിസ്റ്റ്, ഒരു ബയോമെഡിക്കല്‍ എഞ്ചിനീയര്‍, മുന്‍ സ്‌പേസ് എക്‌സ് ലോഞ്ച് ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു.
സ്‌പേസ് എക്‌സിലെ മെഡിക്കല്‍ വിദഗ്ധനും മലയാളിയുമായ ഡോ. അനില്‍ മേനോന്റെ ഭാര്യയായ അന്ന മേനോന്‍ (35) 2024-ല്‍ സ്വകാര്യ കമ്പനി സ്‌പേസ് എക്‌സ് നടത്തിയ വാണിജ്യ ബഹിരാകാശ ദൗത്യത്തില്‍ ഓണ്‍ബോര്‍ഡ് മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. 2016-ല്‍ നാസയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അവര്‍ അനിലിനെ വിവാഹം കഴിച്ചത്.
“നാസ കുടുംബത്തിലേക്ക് തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ബഹിരാകാശത്തിലേക്ക് പോകുമ്പോള്‍, അവരെ സുരക്ഷിതമായി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് പഠിക്കാനും സേവിക്കാനും കഴിയുന്നതില്‍ അഭിമാനമുണ്ട്,” – അന്ന മേനോന്‍ പറഞ്ഞു.
നാസയില്‍ ഏഴ് വര്‍ഷം ബയോമെഡിക്കല്‍ ഗവേഷകയുമായും ഫ്‌ലൈറ്റ് കണ്‍ട്രോളറുമായും സേവനമനുഷ്ഠിച്ച ശേഷം 2018-ല്‍ അവര്‍ സ്‌പേസ് എക്‌സില്‍ സീനിയര്‍ എഞ്ചിനീയറായി ചേര്‍ന്നിരുന്നു. പിന്നീട് കോടീശ്വരന്‍ ജാരെഡ് ഐസക്‍മാന്‍ ചാര്‍ട്ടര്‍ ചെയ്ത വാണിജ്യ പോളാരിസ് ഡോണ്‍ ദൗത്യത്തിലും മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു.
“ഈ സംഘത്തിലെ ഒരാള്‍ തന്നെ ചൊവ്വയില്‍ ആദ്യമായി കാലുകുത്തുന്ന അമേരിക്കക്കാരനാകാം,” – നാസയുടെ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കൂടുതലുള്ള നാസയുടെ ആദ്യത്തെ ബഹിരാകാശ പരിശീലന സംഘമാണിത്.
അന്ന മേനോനോടൊപ്പം ബെൻ ബെയ്‌ലി, ലോറൻ എഡ്ഗർ, എറിൻ ഓവർകാഷ്, കാതറിൻ സ്പൈസ്, കാമറൂൺ ജോൺസ്, ആദം ഫുർമാൻ, റെബേക്ക ലോളർ, ഇമെൽഡ മുള്ളർ, യൂറി കുബോ എന്നിവരും സംഘത്തിലുണ്ട്.




