ഇനി ഡ്രൈവിങ് ലൈസൻസ് പഴ്സിൽ കൊണ്ടുനടക്കേണ്ടതില്ല; ഐഫോണിൽ സൂക്ഷിക്കാം

വാഷിങ്ടൺ :സാങ്കേതിക വിദ്യ ദിനസഞ്ചാരത്തെ കൂടുതൽ സൗകര്യപ്രദമാക്കുന്ന പുതിയ മാറ്റവുമായി അമേരിക്ക. ചില സംസ്ഥാനങ്ങളിൽ ഡ്രൈവിങ് ലൈസൻസുകളും സ്റ്റേറ്റ് ഐഡികളും ഇനി ഐഫോണിൽ സൂക്ഷിക്കാം. ആപ്പിളിന്റെ ‘വാലറ്റ്’ ആപ്ലിക്കേഷനിലാണ് ഈ ഡിജിറ്റൽ ലൈസൻസുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുക.
ഇതോടെ പ്ലാസ്റ്റിക് കാർഡ് രൂപത്തിലുള്ള ലൈസൻസ് എപ്പോഴും പഴ്സിൽ കൊണ്ടുനടക്കേണ്ട സാഹചര്യം ഒഴിവാകുന്നു. അരിസോന, കൊളറാഡോ, ജോർജിയ, മേരിലാൻഡ്, കലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സംവിധാനം നിലവിൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയ്ക്ക് ചുമതലയുള്ള ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ഇതിനകം തന്നെ ഡിജിറ്റൽ ഐഡികളെ ഔദ്യോഗികമായി അംഗീകരിച്ചു.
വിമാനത്താവളങ്ങളിലെ പ്രത്യേക റീഡറുകൾക്ക് മുന്നിൽ ഐഫോൺ കാണിച്ചാൽ മതിയാകും. ഫോൺ ലോക്ക് ചെയ്ത നിലയിലായാലും കൈമാറപ്പെടുന്ന വിവരങ്ങൾ വ്യക്തമായി സ്ക്രീനിൽ കാണാൻ കഴിയും. വിവരങ്ങളുടെ കൈമാറ്റം നടക്കുക ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി വഴി സ്ഥിരീകരണം നടത്തിയതിന് ശേഷമേയുള്ളൂ. ഇതിലൂടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കപ്പെടുന്നു.
നിലവിൽ പരിമിതമായ സംസ്ഥാനങ്ങളിലേക്കാണ് സംവിധാനം വ്യാപിപ്പിച്ചിട്ടുള്ളത്. എന്നാൽ, അടുത്തിടെ കൂടുതൽ സംസ്ഥാനങ്ങളും മറ്റ് തിരിച്ചറിയൽ രേഖകളും ഈ സൗകര്യത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. ഡിജിറ്റൽ ലോകത്തിലേക്കുള്ള മറ്റൊരു നിർണായക ചുവടുവയ്പ്പായി മാറ്റം വിലയിരുത്തപ്പെടുന്നു.




