
ന്യൂഡൽഹി : തീരുവ സംബന്ധിച്ച് ഇന്ത്യ–യുഎസ് ബന്ധത്തിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധ രംഗത്തെ സഹകരണം തുടരുമെന്ന് സൂചന. തേജസ് യുദ്ധവിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പായ മാർക്ക്–1എ ജെറ്റുകൾക്കാവശ്യമായ 113 എൻജിനുകൾ വാങ്ങുന്നതിനായി 100 കോടി ഡോളറിന്റെ കരാർ അടുത്തമാസം ഒപ്പിടാനാണ് തീരുമാനം.
97 തേജസ് വിമാനങ്ങൾ കൂടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്നും വാങ്ങാൻ 62,000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഏതാനും ദിവസം മുമ്പാണ് അനുമതി നൽകിയിരുന്നത്. ഈ വിമാനങ്ങൾക്കാവശ്യമായ എൻജിനുകളാണ് പുതിയ കരാറിലൂടെ സ്വന്തമാക്കുന്നത്. മിഗ് സീരീസ് വിമാനങ്ങൾ ഒഴിവാക്കുന്ന സാഹചര്യത്തിലാണ് തേജസ് യുദ്ധവിമാനങ്ങളുടെ ഉൽപാദനം വേഗത്തിലാക്കാനുള്ള തീരുമാനം.
83 തേജസ് വിമാനങ്ങൾക്കായി 99 ജിഇ എഫ്–404–ഐഎൻ20 എൻജിനുകൾ വാങ്ങാൻ 2021ൽ എച്ച്എഎലും അമേരിക്കൻ കമ്പനി ജിഇയും തമ്മിൽ 71.6 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ എൻജിനുകൾ കൈമാറുന്നതിൽ ഉണ്ടായ താമസം കാരണം വിമാന നിർമ്മാണം വൈകി. മൂന്നു വർഷം കഴിഞ്ഞാണ് ആദ്യ എൻജിൻ ലഭിച്ചത്. പിന്നീട് രണ്ടെണ്ണം കൂടി കൈമാറിയപ്പോൾ, ഈ വർഷം തന്നെ പത്ത് എൻജിനുകൾ കൂടി നൽകുമെന്ന് ജിഇ ഉറപ്പുനൽകി.
പുതിയ കരാർ പ്രകാരം പ്രതിമാസം രണ്ട് എൻജിനുകൾ വീതം നൽകാമെന്നാണ് ജിഇ അറിയിച്ചിരിക്കുന്നത്. ആദ്യ 83 തേജസ് വിമാനങ്ങൾ 2029–30 നുള്ളിൽ കൈമാറുകയെന്നതാണ് എച്ച്എഎലിന്റെ ലക്ഷ്യം. തുടർന്ന് 97 വിമാനങ്ങൾ കൂടി 2034ഓടെ കൈമാറാനാണ് പദ്ധതി.
ഇതിനൊപ്പം അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ 200 ജിഇ–414 എൻജിനുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട 150 കോടി ഡോളറിന്റെ കരാർ ചർച്ചകളും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ജിഇ എൻജിനുകൾ തന്നെ ഉപയോഗിക്കുമ്പോൾ, രണ്ടാം ഘട്ടത്തിൽ ഫ്രഞ്ച് കമ്പനിയായ സഫ്റാനുമായി ചേർന്ന് വികസിപ്പിക്കുന്ന എൻജിനുകൾ ഉപയോഗിക്കാനാണ് ഇന്ത്യയുടെ നീക്കം.




