വേടനെ ക്രിമിനലായി ചിത്രീകരിച്ച് ഇല്ലാതാക്കാന്‍ ഗൂഢാലോചനയെന്ന് കുടുംബം; സഹോദരന് മുഖ്യമന്ത്രിക്ക് പരാതി.

കൊച്ചി ∙ റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി) ക്രിമിനലായി ചിത്രീകരിച്ച് ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നാരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി. തുടര്‍ച്ചയായി ഉയരുന്ന പരാതികള്‍ക്ക് പിന്നില്‍ രാഷ്ട്രീയമായോ മറ്റേതെങ്കിലും ഗൂഢാലോചനയോ ഉണ്ടെന്ന സംശയമാണ് കുടുംബം ഉന്നയിച്ചത്. യുവതികള്‍ നല്കിയ പരാതികളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി സത്യാവസ്ഥ ഉറപ്പാക്കിയ ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വേടന്റെ സഹോദരന് കഴിഞ്ഞ മാസം അവസാനം മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍, കലാകാരനെന്ന നിലയില്‍ സഹോദരന്റെ വളര്‍ച്ച തടയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വേടനെ സ്ഥിരം കുറ്റവാളിയായി ചിത്രീകരിക്കുകയാണെന്നും ആരോപിച്ചു. ഈ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.
അതേസമയം, വിവാഹവാഗ്ദാനം നല്കി യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ വേടനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനുശേഷമാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കുശേഷം വേടനെ വിട്ടയച്ചു.




