കസ്റ്റംസ് പരിശോധന; ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു.

കൊച്ചി ∙ സംസ്ഥാനത്ത് കസ്റ്റംസ് നടത്തുന്ന “ഓപ്പറേഷന്‍ നുംഖോര്‍” പരിശോധനയുടെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് പിടികൂടിയത്.
രാവിലെ മുതല്‍ കൊച്ചിയിലെ പനമ്പിള്ളി നഗറിലെ ദുല്‍ഖറിന്റെ വീട്ടിലും, തേവരയിലെ പൃഥ്വിരാജിന്റെ വീട്ടിലും, എളംകുളത്തെ മമ്മൂട്ടിയുടെ വീട്ടിലും കസ്റ്റംസ്–സെന്‍ട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തി.
അഞ്ച് ജില്ലകളിലായി നടന്ന പരിശോധനയില്‍ ക്രമക്കേടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. ഭൂട്ടാനില്‍ നിന്നെത്തിച്ച 20 വാഹനങ്ങള്‍ കേരളത്തില്‍ വിറ്റതില്‍ 11 എണ്ണം കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും ചില വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇടനിലക്കാരുടെ വീടുകളിലും പരിശോധന തുടരുകയാണ്. രാജ്യവ്യാപകമായ അന്വേഷണത്തിന്റെ ഭാഗമായി നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് ഇതിനകം തയ്യാറാക്കിയിരുന്നു. അതനുസരിച്ചാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.




