KeralaLatest NewsPolitics

എന്‍.എസ്.എസുമായ് തര്‍ക്കമില്ല; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നു

കൊച്ചി/തിരുവനന്തപുരം: സമുദായസംഘടനകളുമായി കോണ്‍ഗ്രസിന് തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി എന്നിവരുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് മാറ്റമില്ലെന്നും കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും സതീശന്‍ കൊച്ചിയില്‍ വ്യക്തമാക്കി. 2026-ലെ തോല്‍വി ഭയന്നാണ് സംഗമം സംഘടിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാ കാലത്തും എന്‍.എസ്.എസുമായി ബന്ധമാണെന്നും, ആശയക്കുഴപ്പം ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. സമദൂരസിദ്ധാന്തം തുടരുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസ് വിശ്വാസവഞ്ചന കാട്ടിയിട്ടില്ലെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ നയത്തില്‍ മാറ്റമില്ലെന്നും സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും കേസുകളും നല്‍കിയ ശേഷം നിലപാട് മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കലഹത്തിന് ശ്രമിച്ചത് പിണറായി സര്‍ക്കാരാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പ്രതികരിച്ചു.

“ശബരിമലയില്‍ ആത്മാര്‍ഥ നിലപാടുള്ളത് കോണ്‍ഗ്രസിനാണ്. അവിടെ പോകുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍” എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മലപ്പുറത്ത് പറഞ്ഞു.

എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്നും അയ്യപ്പസംഗമത്തില്‍ പങ്കെടുത്താല്‍ അത് രാഷ്ട്രീയ സഹകരണമാകില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പക്വമായ നിലപാട് സ്വീകരിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

അതേസമയം, സമദൂരം വിട്ട് ഇടതിനോട് അടുക്കുന്ന എന്‍.എസ്.എസ് നിലപാടിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ആശങ്ക ഉയര്‍ന്നു. തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍, എന്‍.എസ്.എസിനെ അനുനയിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതിനായി കെ.സി. വേണുഗോപാല്‍ ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ആവശ്യമായാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രമേശ് ചെന്നിത്തലയും സൂചിപ്പിച്ചു.

കോണ്‍ഗ്രസ്-യുഡിഎഫ് വിശ്വാസ സമൂഹത്തോടൊപ്പമാണെന്നും, ശബരിമല വിഷയത്തില്‍ വ്യക്തമായ നിലപാട് തുടര്‍ന്നും സ്വീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Show More

Related Articles

Back to top button