IndiaLatest NewsLifeStyleNewsSports

മധ്യനിരയുടെ വീഴ്ചയിലും ഫീൽഡിംഗ് പിഴവുകളിലും ആശങ്ക; സഞ്ജുവിന് അവസരം കിട്ടുമോ?

ദുബായ് : ഏഷ്യാകപ്പിൽ അഞ്ചു വിജയങ്ങളോടെ ഫൈനലിൽ സ്ഥാനമുറപ്പിച്ച ഇന്ത്യ ഇന്ന് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ നേരിടുന്നു. തുടർച്ചയായ ജയങ്ങളുണ്ടെങ്കിലും ഇന്ത്യൻ ടീമിന്റെ ക്യാംപിൽ ആവേശത്തേക്കാൾ കൂടുതലാണ് ആശങ്കകൾ. ഓപ്പണർമാർ മികച്ച തുടക്കം നൽകുമ്പോഴും മധ്യനിര ബാറ്റർമാർ പതിവായി പരാജയപ്പെടുന്നതാണ് പ്രധാന തലവേദന.

ബംഗ്ലദേശിനെതിരെ 41 റൺസ് ജയിച്ച മത്സരത്തിലും ഇന്ത്യയുടെ മധ്യനിര നിരാശപ്പെടുത്തുകയായിരുന്നു. അഭിഷേക് ശർമയുടെ തീപാറുന്ന 75 റൺസിന്റെ കരുത്തിൽ ഒന്നാം വിക്കറ്റിൽ 6 ഓവറിൽ 77 റൺസ് നേടിയെങ്കിലും അടുത്ത 14 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വെറും 91 റൺസ് മാത്രമാണ് ടീമിന് നേടാനായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ക്യാപ്റ്റൻ സൂര്യകുമാർ രണ്ടക്കം പോലും താണ്ടാതെ പുറത്തായപ്പോൾ തിലക് വർമ (5), ശിവം ദുബെ (2) എന്നിവർ കൂടി നിരാശപ്പെടുത്തി. പാക്കിസ്ഥാനെതിരായ മത്സരത്തിലും ഓപ്പണർമാർ 10 ഓവറിൽ 105 റൺസ് നേടിയിട്ടും മധ്യനിരയ്ക്ക് താളം കണ്ടെത്താനായിരുന്നില്ല.

ഫീൽഡിംഗും ഇന്ത്യയ്ക്ക് തലവേദനയായി തുടരുന്നു. ബംഗ്ലദേശിനെതിരെ അഞ്ച് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യൻ താരങ്ങൾ ടൂർണമെന്റിൽ ഇതുവരെ കൈവിട്ടത് 10 ക്യാച്ചുകളാണ്.

സഞ്ജു സാംസണിന്റെ സ്ഥാനവും ആരാധകർ ചർച്ച ചെയ്യുന്ന വിഷയമാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ പ്രതീക്ഷകൾ നിറവേറ്റാനാകാത്ത സഞ്ജുവിനെ ബംഗ്ലദേശിനെതിരെ എട്ടാം സ്ഥാനത്തേക്ക് താഴ്ത്തിയെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ഒമാനെതിരേ മൂന്നാമനായി ഇറങ്ങി അർധ സെഞ്ചറി നേടിയ താരത്തിന് വീണ്ടും ടോപ് ഓർഡറിൽ അവസരം കിട്ടുമോയെന്നതാണ് ആരാധകരുടെ പ്രതീക്ഷ.

15 അംഗ സ്ക്വാഡിൽ ഇതുവരെ അവസരം ലഭിക്കാത്ത ജിതേഷ് ശർമ, റിങ്കു സിങ് എന്നിവർക്ക് അവസരം നൽകാമെന്ന സൂചനകളുണ്ട്. ജസ്പ്രീത് ബുമ്രയ്ക്കും ഒരു സ്പിന്നർക്കും വിശ്രമം അനുവദിച്ച് അർഷ്‍ദീപ് സിങ്, ഹർഷിത് റാണ എന്നിവരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

ഇന്ത്യ–ശ്രീലങ്ക മത്സരം ഇന്ന് രാത്രി എട്ടുമുതൽ ദുബായിൽ നടക്കും.

Show More

Related Articles

Back to top button