H-1B വിസ ഫീസ് വര്‍ധനയ്ക്കെതിരെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് കേസ്.

വാഷിംഗ്ടൺ: എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ ട്രംപ് ഭരണകൂടത്തിനെതിരെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് നിയമനടപടി തുടങ്ങി. ഫീസ് വര്‍ധന നിയമവിരുദ്ധമാണെന്നും, വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന അമേരിക്കന്‍ തൊഴിലുടമകള്‍ക്ക് ഇത് തിരിച്ചടിയാണെന്നും ചേംബര്‍ ഓഫ് കൊമേഴ്സ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാനുള്ള അനുമതിയായ എച്ച്-1ബി വിസയുടെ ഫീസ് കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം കുത്തനെ കൂട്ടിയിരുന്നു. അമേരിക്കന്‍ പൗരന്മാര്ക്ക് മുന്‍ഗണന നല്‍കുകയും, അതി വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ മാത്രം നിയമിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ 19ന് ഫീസ് 100,000 ഡോളറായി ഉയര്‍ത്തുകയായിരുന്നു.
ഉയർന്ന ഫീസ് പല തൊഴിലുടമകള്‍ക്കും, പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട ബിസിനസുകളും, വിദേശ വൈദഗ്ധ്യ തൊഴിലാളികളെ നിയമിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് മുന്നറിയിപ്പ് നല്കി.




