സ്വര്‍ണവില ലക്ഷത്തിലേക്ക്; ഗ്രാമിന് 12,000 രൂപ കടന്ന് ചരിത്രം

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍കുതിപ്പ് തുടരുന്നു. പവന്‍ വില 97,360 രൂപയായതോടെ ഗ്രാമിന്‍റെ വില 12,170 രൂപയിലേക്ക് ഉയര്‍ന്നു. ഇതാദ്യമായാണ് ഗ്രാമിന് 12,000 രൂപ കടക്കുന്നത്. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1,05,000 രൂപയ്ക്കുമുകളില്‍ നല്‍കേണ്ടിവരും.
ഒരു ഗ്രാം സ്വര്‍ണത്തിന് 355 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 2,840 രൂപയുമാണ് ഇന്നലെക്കാള്‍ വര്‍ധന. രാജ്യാന്തര വിപണിയിലുണ്ടായ വിലക്കയറ്റത്തിനനുസൃതമായാണ് ആഭ്യന്തര വിപണിയിലും വര്‍ധനയുണ്ടായത്. ഇന്നലെ രാത്രിയോടെ രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4,380 ഡോളറിലേക്കാണ് വില ഉയര്‍ന്നത്. നിലവില്‍ ഔണ്‍സിന് 4,375 ഡോളറാണ് വില. രൂപയുടെ വിനിമയ നിരക്ക് 87.82 രൂപയാണ്.
18 കാരറ്റ് സ്വര്‍ണവിലയും ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,000 രൂപ കടന്നിട്ടുണ്ട്. ഗ്രാമിന് 10,005 രൂപയും പവന്‍ വില 80,040 രൂപയുമാണ്. വിലയിരുത്തപ്പെടുന്ന അന്തര്‍ദേശീയ സാഹചര്യങ്ങളും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കാണുന്ന പ്രവണതയും വില വര്‍ധനയ്ക്ക് കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും (53 രൂപ) മൂന്നു ശതമാനം ജിഎസ്ടിയും ചേര്‍ത്ത് ഇന്നത്തെ നിരക്കില്‍ ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത് ഒരുലക്ഷത്തിലേറെയായിരിക്കും.




