സിപിഎം–സിപിഐ തര്‍ക്കം അവസാനിച്ചു; സഹോദരന്മാരെന്ന് എം.എ.ബേബി, “ചട്ടിയും കലവും തട്ടിയും മുട്ടിയും ഇരിക്കും” – വി.ശിവൻകുട്ടി

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയെ ചൊല്ലിയുണ്ടായ സിപിഎം–സിപിഐ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ന്നതായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും വ്യക്തമാക്കി. തര്‍ക്കം ഭംഗിയായി അവസാനിച്ചതായി ഇരുവരും അഭിപ്രായപ്പെട്ടു.
“സി.പി.ഐയിലെ സഖാക്കള്‍ സഹോദരന്‍മാരാണ്. പ്രത്യേക സാഹചര്യത്തില്‍ ചിലത് പറഞ്ഞതിന്റെ അര്‍ഥം അവര്‍ക്കും ഞങ്ങള്‍ക്കും അറിയാം. ഇപ്പോള്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് ഇടയില്‍ പുതിയ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല,” ഷേക്സ്പിയറിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് എം.എ.ബേബി പറഞ്ഞു.
“പി.എം ശ്രീ വിവാദം ഭംഗിയായി അവസാനിച്ചു. തുടര്‍നടപടികള്‍ മന്ത്രിസഭ ഉപസമിതി തീരുമാനിക്കും. കേന്ദ്രത്തിന് കത്ത് നല്‍കുന്നതിനെ കുറിച്ച് ചീഫ് സെക്രട്ടറി തീരുമാനിക്കും. ആരോടും പരിഭവമില്ല. കുടുംബത്തില്‍ ചില തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റുകാരെ തമ്മില്‍ തെറ്റിപ്പിക്കാന്‍ നോക്കേണ്ട. ചട്ടിയും കലവുമാകുമ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കും,” മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, പി.എം ശ്രീയില്‍ നിന്ന് പിന്‍മാറാനുള്ള നീക്കം കാപട്യമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വിമര്‍ശിച്ചു. “ഒപ്പിട്ട കരാറില്‍ നിന്ന് പിന്‍മാറാന്‍ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമേയുള്ളൂ. കരാറില്‍ നിന്ന് പിന്‍മാറാന്‍ കഴിയുമോയെന്ന് അറിയില്ല. കാവി പണം വേണ്ടെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കട്ടെ,” എന്ന് ജോര്‍ജ് കുര്യന്‍ കൊച്ചിയില്‍ പറഞ്ഞു.




