AmericaIndiaLatest NewsLifeStyleNewsSports

മെസ്സിക്കൊപ്പമുള്ള ചിത്രം: സുഭശ്രീ ഗാംഗുലിക്കെതിരായ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസ്

കൊൽക്കത്ത : അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെ ബംഗാളി നടി സുഭശ്രീ ഗാംഗുലിക്കെതിരെ വ്യാപകമായ ട്രോളുകളും സൈബർ ആക്രമണവും ഉണ്ടായ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നടിയുടെ ഭർത്താവും സിനിമാ നിർമാതാവുമായ രാജ് ചക്രവർത്തിയുടെ പരാതിയിലാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ടിറ്റാഗഡ് പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തത്.

‘ഗോട്ട് ടൂർ ഇന്ത്യ 2025’ന്റെ ഭാഗമായി മെസ്സി കൊൽക്കത്തയിലെത്തിയപ്പോൾ സെവൻ സ്റ്റാർ ഹോട്ടലിൽ നടന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടിയിൽ പങ്കെടുത്ത സുഭശ്രീ, താരത്തോടൊപ്പം ഫോട്ടോ എടുത്തിരുന്നു. പിന്നീട് സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ വിഐപികളോടൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങളും നടി പങ്കുവെച്ചു. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ നടിയെ ലക്ഷ്യമിട്ട് ട്രോളുകളും അധിക്ഷേപങ്ങളും ആരംഭിച്ചത്.

സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസ്സിയെ കാണാനെത്തിയ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ സംഘവും താരത്തെ ചുറ്റിനിന്നതിനെ തുടർന്ന് ആൾത്തിരക്കിൽ അസ്വസ്ഥനായ മെസ്സി സ്റ്റേഡിയം വിട്ടുപോയിരുന്നു. ഇതിന് പിന്നാലെ നിരാശരായ കാണികൾ ഗ്രൗണ്ട് കയ്യേറുകയും ചെയ്തു. ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി, പരിപാടി അലങ്കോലമാകാൻ കാരണമായത് ‘ഇത്തരം വിഐപികൾ’ ആണെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുഭശ്രീ ഗാംഗുലിക്കെതിരായ ആക്രമണം രൂക്ഷമായത്.

സൈബർ ആക്രമണം അതിരുകടന്നതോടെയാണ് തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടിയായ രാജ് ചക്രവർത്തി പൊലീസിൽ പരാതി നൽകിയത്. ഭാര്യയെ അനാവശ്യമായി അധിക്ഷേപിക്കുകയും വ്യക്തിപരമായി ലക്ഷ്യമിടുകയും ചെയ്യുന്നുവെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇതിനിടെ, സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ രാജ് ചക്രവർത്തി വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചു. ഒരു നടിയായത് മെസ്സിയുടെ ആരാധികയാകുന്നതിൽ നിന്ന് സുഭശ്രീയെ അയോഗ്യയാക്കുമോയെന്ന് ചോദിച്ച അദ്ദേഹം, നടിയെ രാഷ്ട്രീയ നേതാക്കളും ചില മാധ്യമ വിഭാഗങ്ങളും അനാവശ്യമായി ലക്ഷ്യമിടുകയാണെന്നും ആരോപിച്ചു. സുഭശ്രീ ഒരു അമ്മയും ഭാര്യയും സുഹൃത്തും ഒടുവിൽ ഒരു മനുഷ്യനുമാണെന്ന് ഓർമ്മിപ്പിച്ച രാജ്, അടിസ്ഥാന മാനുഷികത പോലും മറികടന്നാണ് ആക്രമണങ്ങളെന്ന് പറഞ്ഞു.

Show More

Related Articles

Back to top button