AmericaIndiaLatest NewsNews

ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട്: 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങുന്നു.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. നിലവിൽ സേവനത്തിലുള്ള 36 റഫാൽ വിമാനങ്ങൾക്ക് പുറമേയാണ് പുതിയ ഓർഡർ. 3.25 ലക്ഷം കോടി രൂപ മൂല്യമുള്ള ഈ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച തന്നെ അനുമതി നൽകുമെന്നാണ് സൂചന. അംഗീകാരം ലഭിച്ചാൽ ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറായിരിക്കും.

വ്യോമസേനയുടെ മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) പദ്ധതിയുടെ ഭാഗമായാണ് പുതിയ റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഫെബ്രുവരി 19, 20 തീയതികളിലെ ഇന്ത്യാ സന്ദർശനത്തിന് മുൻപായി കരാറിന് അന്തിമരൂപം നൽകാനാണ് ശ്രമം.

പുതിയ കരാർ പ്രകാരം 114 റഫാൽ വിമാനങ്ങളിൽ 100 എണ്ണം ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്തിനുള്ളിൽ ഉത്പാദനം നടത്തുന്നതിലൂടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കാനാണ് ലക്ഷ്യം. ഇരട്ട എൻജിനുകളോടുകൂടിയ, മൾട്ടി-റോൾ ശേഷിയുള്ള, ഉയർന്ന കൃത്യതയുള്ള ദൗത്യങ്ങൾക്ക് പേരുകേട്ട യുദ്ധവിമാനമാണ് റഫാൽ.

114 വിമാനങ്ങൾ കൂടി സേവനത്തിലേക്ക് എത്തിയാൽ ഫ്രാൻസിന് പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ റഫാൽ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യൻ വ്യോമസേന മാറും. ഇന്ത്യയ്ക്ക് ഇതിനകം 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്. 2024 ഡിസംബറിലാണ് വ്യോമസേന അവസാന ‘സി’ വേരിയന്റ് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് സ്വീകരിച്ചത്.

ഇതിനുപുറമെ, നാവികസേനയ്ക്കായി 63,000 കോടി രൂപയുടെ കരാർ പ്രകാരം 26 ‘എം’ വേരിയന്റ് റഫാൽ വിമാനങ്ങളും ഇന്ത്യ ഓർഡർ ചെയ്തിട്ടുണ്ട്. വിമാനവാഹിനിക്കപ്പലുകളിൽ പ്രവർത്തനക്ഷമമായ ഈ വേരിയന്റ് 2030ഓടെ കൈമാറുമെന്നാണ് വിലയിരുത്തൽ. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നീ വിമാനവാഹിനിക്കപ്പലുകളിലാണ് ‘എം’ വേരിയന്റ് റഫാൽ വിമാനങ്ങൾ വിന്യസിക്കുക.

Show More

Related Articles

Back to top button