സ്വത്തുവിവരങ്ങളിൽ വൻ പൊരുത്തക്കേട്; വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.

ചെന്നൈ : തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച ഹർജിയിൽ സ്ഥാനാർഥിയായ വിജയ്ക്ക് തിരിച്ചടി. സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ വൻ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയ ഹർജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതി നിർണായക ഇടപെടൽ നടത്തി. ഏകദേശം നൂറുകോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്താത്തതായി കോടതിയിൽ വാക്കാൽ നിരീക്ഷണം ഉണ്ടായതോടെ വിഷയത്തിന് കൂടുതൽ ഗൗരവം ലഭിച്ചു.
പെരുമ്പൂർ മണ്ഡലത്തിലും തിരുച്ചെപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളിലാണ് വലിയ വ്യത്യാസം കണ്ടെത്തിയത്. പെരുമ്പൂരിൽ നൂറ്റിപ്പതിനഞ്ച് കോടി രൂപയുടെ സ്വത്താണെന്ന് കാണിച്ചപ്പോൾ തിരുച്ചെപ്പള്ളി ഈസ്റ്റിൽ ഇരുനൂറ്റിയിരുപത് കോടി രൂപയുടെ സ്വത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വലിയ വ്യത്യാസത്തിന് വ്യക്തമായ വിശദീകരണം നൽകാൻ വിജയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, ആരോപണങ്ങൾക്ക് പിന്തുണയാകുന്ന രേഖകളും സമർപ്പിച്ചിട്ടില്ലെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.
വിഷയത്തിൽ ആദായനികുതി വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, പെരുമ്പൂർ, തിരുച്ചെപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർ, സ്ഥാനാർഥി എന്നിവർക്കെല്ലാം ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.




